വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിച്ചെന്നും ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ യൂറോപ്പിൽവെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യം ഇറാൻ വിദേശകാര്യ വക്താവ് നിഷേധിക്കുകയും ചെയ്തു.
‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു. ഞങ്ങളുടെ ഉദ്ദേശ്യവും അതായിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ ഞങ്ങൾ ഒരു വലിയ ഒത്തുതീർപ്പിൽ എത്തിയിരിക്കുകയാണ്. അതിന്റെ രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനുംദിവസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകും. യൂറോപ്പിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഇത് ഒപ്പിടുക. ഇതോടെ എണ്ണവില കുറയും. എണ്ണവില കുറയുമ്പോൾ മറ്റെല്ലാം കുറയും’- ട്രംപ് പറഞ്ഞു.
അതുപോലെ കരാറിന്റെ ഭാഗമായി ആണവായുധങ്ങൾ വികസിപ്പിക്കുകയോ, വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ സമ്മതിച്ചതായും ട്രംപ് അവകാശവാദമുന്നയിച്ചു. അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങളും നീക്കും. ഇതോടെ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലുണ്ടായ നേതൃമാറ്റം ഒത്തുതീർപ്പ് സാധ്യതകൾ മെച്ചപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. നിലവിലെ നേതൃത്വം മുൻപുണ്ടായിരുന്നവരെക്കാൾ വിവേകത്തോടെയാണ് ഇടപെടുന്നത്. യുഎസിനും പശ്ചിമേഷ്യയ്ക്കും ഈ ഉടമ്പടി ഏറെ മികച്ചതാണെന്നും പ്രത്യേകിച്ച് ഇറാന് ഇത് ആത്യന്തികമായി മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ, അമേരിക്കയുമായി കരാറിലെത്തിയതായി ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ നിർദിഷ്ട കരാറിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA റിപ്പോർട്ട് ചെയ്തു. കരാറിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസുമായി കരാറായെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗ്‌ഹേയിയും പ്രതികരിച്ചു. അതേസമയം കഴിഞ്ഞദിവസം രാത്രി ഇറാനുനേരേ അതിശക്തമായ ആക്രമണം നടത്തുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു, എന്നാൽ മണിക്കൂറുകൾക്കകം ഇത് പിൻവലിക്കുകയും ചെയ്തിരുന്നു.
















































