കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡിയും. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചു. 21ഇന്നു ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫിസിലും സ്വർണവ്യാപാരിയായ ഗോവർധൻറെ ബെല്ലാരിയിലെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. അതുപോലെ മുരാരി ബാബുവിൻറെ കോട്ടയത്തെ വീട്ടിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂർ പുളിമാത്തുള്ള വീട്ടിലും എൻ. വാസുവിൻറെ പേട്ടയിലെ വീട്ടിലും എ. പത്മകുമാറിൻറെ ആറന്മുളയിലെ വീട്ടിലുമായാണ് ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇഡിയും പരിശോധിക്കുന്നത്.
അതേസമം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ ആക്ട്) സംഭവത്തിൽ ഇഡി കേസ് റജിസ്റ്റർ ചെയ്തിരുന്നു. എസ്ഐടി പ്രതിചേർത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവൻ പേരെയും പ്രതി ചേർത്താണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ഒന്നാംപ്രതിയായ കേസിൽ പതിനഞ്ചിലേറെ പേരാണ് പ്രതിപട്ടികയിലുള്ളത്. എസ്ഐടി അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇഡിയുടെ ഇൻറലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം.














































