റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജപ്‌ലയിലെ ലക്ഷ്മി ശിശു വാടിക പ്ലേ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ശശികേശ് കാശ്യപാണ് കുട്ടികളെ മര്‍ദിച്ചത്.
കുട്ടികളെ വരിവരിയായി നിര്‍ത്തിയ ശേഷം ഓരോ കുട്ടികളെയും ഒന്നിനുപുറകെ ഒന്നായി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. മര്‍ദനത്തെ തുടര്‍ന്ന് കുട്ടികള്‍ കരയുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം. ‘എന്തെങ്കിലും എഴുതാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നത് എന്തിനാണ്,’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം.
പിന്നാലെ കുട്ടികളെ ബാത്ത്റൂമില്‍ പൂട്ടിയിട്ടു. വാതിലിന്റെ മറവില്‍ നിന്ന് ആരോ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. മുഖത്തടിയേറ്റ ഒരു പെണ്‍കുട്ടി ഡെസ്‌ക്കിന് മുകളിലേക്ക് മറിഞ്ഞുവീഴുന്നതായും ക്ലാസില്‍ നിന്ന് ഓടി പോകുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം. നിലവില്‍ രൂക്ഷവിമര്‍ശനമാണ് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ വകുപ്പിനെതിരെ ഉയരുന്നത്.














































