കോഴിക്കോട്: പൊന്നാനി കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയ അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ഭർത്താവ് കൊലപ്പെടുത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. ഇരുവരും കഴിഞ്ഞ ദിവസം രാത്രി ഇവർ ബൈക്കിൽ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് ഇരുവരും ബീച്ചിലെത്തിയത്. രാത്രി കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി ഇറങ്ങിയ മുഹമ്മദ് ഇവരെ കടപ്പുറത്ത് ആരുമില്ലാത്ത ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടപ്പുറത്തേക്കു പോകുന്നതിനു മുൻപ് ഇവർ കർമ റോഡിന്റെ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്. അഴിമുഖത്തെ മണൽത്തിട്ടയ്ക്കടുത്ത് ഏറെ നേരം ഇരുന്ന് സംസാരിച്ച ഇവർ ബീച്ചിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി വാക്കു തർക്കത്തിലാവുകയും പിന്നീട് ഫാത്തിമയെ കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു. നായക്കൾ കടിച്ചുവലിക്കാതിരിക്കാൻ തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി.
ശേഷം കുഞ്ഞിനെയും എടുത്ത് പുലർച്ചെ മൂന്നോടെ ഇയാൾ പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലെത്തി കുഞ്ഞിനെ തന്റെ ഉമ്മയെ ഏൽപിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ പകൽ തന്നെ മുഹമ്മദിനെ പരപ്പനങ്ങാടിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഭാര്യയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പലപ്പോഴും ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് പല തവണ ഫാത്തിമയെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പൊന്നാനി കടപ്പുറത്തെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനു തുടക്കത്തിലെ അസ്വാഭാവികതകൾ ബോധ്യപ്പെട്ടിരുന്നു. യുവതിയെ തിരിച്ചറിഞ്ഞതോടെ മുഹമ്മദിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.


















































