ആലപ്പുഴ: മുൻ എംഎൽഎ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ടർ പ്രതിനിധിയുടെ ചോദ്യത്തിനോട് ക്ഷുഭിതനായി പ്രതികരിച്ച് അമ്പലപ്പുഴ നിയുക്ത എംഎൽഎജി സുധാകരനും ഭാര്യയും. ചോദ്യത്തോട് ‘തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുതെ’ന്നായിരുന്നു സുധാകരന്റെ മറുപടി. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.
‘ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങൾ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യിൽ വെച്ചാൽ മതി. അനാവശ്യ കാര്യങ്ങൾ ചോദിക്കരുത്. അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി. പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നു. നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’, ജി സുധാകരൻ പറഞ്ഞു.
അതേസമയം ജി സുധാകരന്റെ ഭാര്യയും പ്രതികരിച്ചു. ‘മനീഷ് മഹിപാൽ അധികം വേണ്ട, എന്റെ സ്റ്റുഡന്റായിരുന്നു, തേർഡ് റേറ്റ്’, എന്നിങ്ങനെയായിരുന്നു ഭാര്യയുടെ പ്രതികരണം. പിന്നാലെ തേർഡ് റേറ്റിനും താഴെയാണെന്ന് പറഞ്ഞായിരുന്നു ജി സുധാകരൻറെ മറുപടി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം സിപിഐഎമ്മിന്റേത് അല്ലെന്നും മണ്ഡപത്തിൽ ആർക്കും പുഷ്പാർച്ചന നടത്താമെന്നും ജി സുധാകരൻ പറഞ്ഞു.
‘ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ കുടുംബമാണ് എത്തിയത്. ആരെങ്കിലും പറയുന്ന വർത്തമാനം ആണോ ബിനു പറഞ്ഞത്. പാർട്ടി സമ്മേളനത്തിൽ ബഹളമുണ്ടാക്കി സെക്രട്ടറിയായവനാണ് ബിനു. ഇവൻ എന്ത് അർഹതയാണ് പറയാൻ. ഭുവനേശ്വരനെ അടക്കിയിരിക്കുന്നത് കശുവണ്ടി തൊഴിലാളി യൂണിയന്റെ ഭൂമിയിൽ. അന്ന് തന്നോട് അനുമതി ചോദിച്ച ശേഷമാണ് അവിടെ അടക്കിയത്’, ജി സുധാകരൻ പറഞ്ഞു.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അഭിപ്രായം പറയണ്ട ആളല്ല താനെന്നും ജി സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തന്നോട് ചോദിച്ചിട്ടില്ല. തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ പ്രകീർത്തിച്ചും ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണം’: പി. ജയരാജൻ



















































