കോട്ടയം: ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എന്നാൽ ചിലരൊക്കെ അവരുടെ മിടുക്ക് കൊണ്ടുള്ള വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല, ജനം പൊറുതിമുട്ടി മാറ്റം വരാൻ ചെയ്ത വോട്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും ആ വോട്ട് പ്രതിഫലിച്ചെന്നും ഉറച്ച കോട്ടകളിൽ ആളുകൾ തിരിഞ്ഞു വോട്ട് ചെയ്‌തെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമല്ലെന്നും രാഷ്ട്രീയമായ ആഭ്യന്തര പ്രശ്‌നമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. ‘മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. കോൺഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. വ ഡി സതീശനോടുള്ള വിയോജിപ്പ് ഈ തെരഞ്ഞെടുപ്പിൽ കാണിച്ചിട്ടില്ല. സമദൂരനിലപാടാണ് സ്വീകരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ നിലപാടിനോട് ഇപ്പോഴും വിയോജിപ്പ് തന്നെയാണുള്ളത്. തിരുത്താൻ ഞാൻ പറയില്ല. മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തീരുമാനിച്ചാൽ സ്വീകരിക്കും’, സുകുമാരൻ നായർ പറഞ്ഞു.
അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്ന നിർദേശം സമുദായത്തിന് നൽകിയിട്ടില്ലെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. ഭരണമാറ്റം ആവശ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നു, അന്ന് എല്ലാവരും തന്നെ കളിയാക്കി. തങ്ങൾക്ക് അവകാശപ്പെട്ടത് ആവശ്യപ്പെടുക മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളുവെന്നും അനധികൃതമായി ഒന്നും നേടിയെടുക്കാൻ താൽപര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കിൽ കോടതിയിൽ പോയി നേടിയെടുത്തതാണെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. എംഎൽഎമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. 45 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെസി വേണുഗോപാൽ അവകാശപ്പെടുന്നത്. 25 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎൽഎമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുൻപ് എംഎൽഎമാരെ നേരിട്ട് കാണാനാണ് നീക്കമെന്നാണ് അറിയുന്നത്.

















































