മുംബൈ: മീരാ റോഡിലെ നിർമ്മാണ സ്ഥലത്തുണ്ടായ പഹൽഗാം മോഡൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ സെയ്ബ് സുബൈർ അൻസാരിയാണ് പിടിയിൽ. ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ മൊഴി പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്നതാണ്. പുലർച്ചെ മൂന്ന് മണിക്ക് പള്ളി എവിടെയാണെന്ന് ചോദിച്ചെത്തിയ പ്രതി, പിന്നീട് 4:30-ഓടെ മടങ്ങിയെത്തി തന്റെ മതം ചോദിക്കുകയായിരുന്നു എന്ന് ഇയാൾ പറയുന്നു.
ഹിന്ദുവാണെന്ന് മറുപടി നൽകിയതോടെ യാതൊരു പ്രകോപനവുമില്ലാതെ അൻസാരി കത്തി വീശുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നിൽ കുത്തേറ്റു. തുടർന്ന് അകത്തെ ക്യാബിനിലേക്ക് ഇരച്ചുകയറിയ പ്രതി, അവിടെയുണ്ടായിരുന്ന മറ്റൊരാളോട് ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെടുകയും അതിന് കഴിയാതെ വന്നപ്പോൾ അയാളെയും കുത്തി വീഴ്‌ത്തുകയുമായിരുന്നുവെന്ന് ഇരയായ ജീവനക്കാരൻ വെളിപ്പെടുത്തി. കേസ് ഏറ്റെടുത്ത എടിഎസ് പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്.
പിടിയിലായ അൻസാരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ‘ലോൺ വുൾഫ്’ ആക്രമണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഐഎസ്എസ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. 20 വർഷം യുഎസിൽ താമസിച്ച ശേഷം 2020-ൽ ഇന്ത്യയിലെത്തിയ ഇയാൾ എങ്ങനെയോ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നതിലൂടെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.


















































