കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിലിന് കാരണം വനംവകുപ്പിന്റെ ഭൂമിയിൽ നിന്നുണ്ടായ മണ്ണിടിച്ചിലാണെന്നും, പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നുവെന്നും കരാർ കമ്പനി അധികൃതർ.
അപകടം നടന്ന സ്ഥലത്തെ സംരക്ഷണ ജോലികളെക്കുറിച്ച് കമ്പനി ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെയാണ്: ടണലിന്റെ പ്രവേശന കവാടവും പി.ഡബ്ല്യു.ഡി ഭൂമിയും പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരുന്നു. മണ്ണ് ഇടിയാതിരിക്കാൻ ‘നെയ്‌ലിങും’ (Nailing) ‘ഷോട്ട് ക്രീറ്റിങും’ (Shotcreting) വഴി പ്രദേശം സുരക്ഷിതമാക്കിയിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും, പി.ഡബ്ല്യു.ഡി ഭൂമിക്കുള്ളിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
മണ്ണിടിച്ചിൽ ആരംഭിച്ചത് പി.ഡബ്ല്യു.ഡി ഭൂമിയുടെ അതിർത്തിക്ക് പുറത്തുള്ള വനംവകുപ്പിന്റെ സ്ഥലത്തുനിന്നാണെന്നാണ് പ്രധാന വാദം. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇടപെടാനോ പ്രവൃത്തികൾ നടത്താനോ തങ്ങൾക്ക് അവകാശമില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണ സ്ഥലത്തുനിന്നും ഏകദേശം 10 മുതൽ 12 മീറ്റർ വരെ പുറകിൽ നിന്നാണ് മണ്ണിടിച്ചിൽ തുടങ്ങിയിട്ടുള്ളതെന്നും, പി.ഡബ്ല്യു.ഡി ഭൂമിയുടെ അതിർത്തി വരെ തങ്ങൾ മണ്ണ് നീക്കം ചെയ്ത് സുരക്ഷിതമാക്കിയിരുന്നുവെന്നും അവർ അവകാശപ്പെടുന്നു.
നിർമ്മാണ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉദ്യോഗസ്ഥർ ശക്തമായി നിഷേധിച്ചു. മണ്ണ് മാറ്റാത്തതാണ് അപകട കാരണമെന്ന വാദം ശരിയല്ലെന്നും, മറിച്ച് വനമേഖലയിലെ സ്വാഭാവികമായ കാരണങ്ങളാലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നുമാണ് അധികൃതരുടെ നിലപാട്. നിലവിലെ സാഹചര്യവും സംഭവത്തിന്റെ സാങ്കേതിക വശങ്ങളും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബോധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

















































