ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിൽ അഴിമതി നടന്നെന്ന ആരോപണങ്ങളിൽ പ്രതിപക്ഷത്തിനും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും പങ്കുണ്ടന്ന ആരോപണവുമായി ബിജെപിയും വിശ്വഹിന്ദു പരിഷത്തും. രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിയായ രാംശങ്കർ യാദവ് എന്ന ടിന്നു യാദവ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഫോണിൽ സംസാരിച്ചിരുന്നതായി ബിജെപി വക്താവ് അജയ് ആലോക് ആരോപിച്ചു.
ഈ അഴിമതിയോടെ സമാജ്‌വാദി പാർട്ടിയുടെ തനിനിറം പുറത്തുവരികയാണെന്നും അഴിമതിക്ക് പിന്നിൽ ആരാണെന്ന സത്യം രാജ്യം ഉടൻ അറിയുമെന്നും ബിജെപി വക്താവ് പറഞ്ഞു. കേസിലെ പ്രതിയായ ടിന്നു യാദവും അഖിലേഷും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു.
അതുപോലെ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചതിന് പിന്നിൽ സമാജ്‌വാദി പാർട്ടിക്ക് പങ്കുണ്ടെന്ന് ബിജെപി സംശയിക്കുന്നു. കേസിലെ ഓരോ വിവരങ്ങളും പുറത്തുവരുമ്പോൾ ഈ മോഷണങ്ങൾക്ക് പിന്നിൽ യഥാർത്ഥത്തിൽ ആരാണ് പ്രവർത്തിച്ചതെന്ന സത്യം രാജ്യം അറിയുമെന്ന് അജയ് ആലോക് അവകാശപ്പെട്ടു. സമാജ്‌വാദി പാർട്ടിക്ക് മുൻപും സാധുക്കളുടെയും സന്ന്യാസിമാരുടെയും കോപം സഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭാവിയിലും അതിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭാവനയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ തന്റെ പണം തിരികെ വേണമെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ദിഗ്‌വിജയ് സിംഗിനെ ഏറ്റവും വലിയ നിരീശ്വരവാദി എന്നാണ് അജയ് ആലോക് വിശേഷിപ്പിച്ചത്. ഇത്തരം നിരീശ്വരവാദികളുടെ പണം ഭഗവാൻ രാമന്റെ പാദങ്ങളിൽ എത്തേണ്ടതില്ലെന്നും സംഭാവന നൽകിയതിന്റെ രസീത് ഹാജരാക്കിയാൽ പണം പലിശ സഹിതം തിരികെ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ക്ഷേത്രത്തിൽ 20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചു. ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവർ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകൾ ഹാജരാക്കിയാൽ അന്വേഷണത്തിന് സഹായകരമാകുമെന്ന് വിഎച്ച്പി വ്യക്തമാക്കി. മാത്രമല്ല ക്ഷേത്രവുമായി ബന്ധപ്പെട്ടവർ സംഭാവന തുക ദുരുപയോഗം ചെയ്തുവെന്നും ഭൂമി ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്നും ഇവർ ആരോപിച്ചിരുന്നു. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും അന്വേഷണ ഏജൻസി വിളിപ്പിച്ചു ചോദ്യം ചെയ്യണമെന്നാണ് വിഎച്ച്പി അധ്യക്ഷൻ ആവശ്യപ്പെട്ടു.

















































