തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും രാഷ്ട്രീയ കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗം കേസെടുത്താൽ ബി.ജെ.പി.യുമായി ധാരണയുണ്ടെന്ന ആരോപണം സി.പി.എം. ഉയർത്തുമെന്നത് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
സി.പി.എം. തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നതിനിടെയുണ്ടായ ഇ.ഡി. നീക്കം പിണറായി വിജയന് വലിയ രാഷ്ട്രീയ സമ്മർദമാണ്. അതേസമയം, ഇ.ഡി. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് സ്വീകരിച്ച് പ്രതിരോധിക്കാനാണ് സി.പി.എം. തീരുമാനം.
പിണറായി വിജയന്റെ കൈകൾ ശുദ്ധമല്ലെന്നാണ് ഇ.ഡി.യുടെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ ഇ.ഡി. കണ്ടെത്തൽ അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാസപ്പടി വിവാദത്തിന്റെ തുടക്കം മുതൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച യു.ഡി.എഫിനും പുതിയ സാഹചര്യം വെല്ലുവിളിയാണ്. ഇ.ഡി.യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസെടുത്താൽ ബി.ജെ.പി.-യു.ഡി.എഫ്. ധാരണയെന്ന ആരോപണം സി.പി.എം. ശക്തമാക്കാൻ സാധ്യതയുണ്ട്. അതേസമയം, കേസെടുക്കാതെ ഇ.ഡി. കോടതിയെ സമീപിക്കുന്നതുവരെ കാത്തിരുന്നാൽ ഇതുവരെ പിണറായിക്ക് സംരക്ഷണം നൽകിയെന്ന ആക്ഷേപവും സർക്കാരിന് നേരിടേണ്ടിവരും.
ഇതിനാൽ നിയമോപദേശം തേടിയശേഷം രാഷ്ട്രീയ കൂടിയാലോചനകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സർക്കാർ നീക്കം. രാഷ്ട്രീയ നേട്ടത്തിനുള്ള സാധ്യത നഷ്ടപ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
ഇ.ഡിയുടെ കത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡി.ജി.പിയുമായി സംസാരിച്ചിട്ടുണ്ടെന്നും കത്ത് ലഭിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആലോചിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മാസപ്പടി കേസിൽ ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. സമ്മതിച്ച കാര്യങ്ങൾ വീണ്ടും തെളിയിക്കേണ്ടതില്ലെന്നും എത്ര ന്യായീകരിച്ചാലും കാര്യങ്ങൾ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.






