കൊച്ചി: ആലുവയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ. ആലുവ തോട്ടക്കാട്ടുകര കെഎസ്ഇബി ഓഫീസുകളിലെ ജീവനക്കാരാണ് സംരക്ഷണം ആവശ്യപ്പെട്ടത്. രാത്രി വൈദ്യുതി തടസപ്പെടുമ്പോൾ നാട്ടുകാർ എത്തി പ്രതിഷേധിക്കുന്നതു കൊണ്ടാണ് സംരക്ഷണം ആവശ്യപ്പെട്ടത്.
വൈദ്യുതി മുടക്കത്തിൽ പലയിടത്തും പ്രതിഷേധം ശക്തമാണ്. മലപ്പുറത്ത് രാത്രിയിലെ വൈദ്യുതി തടസ്സത്തിനെതിരെ യുവാവും സഹോദരിയും പ്രതിഷേധിച്ചു. കോഡൂർ സ്വദേശി മുർഷിദും സഹോദരിയുമാണ് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്. അര മണിക്കൂറോളം ഓഫീസിലെ ഫാനിന് ചോട്ടിൽ ഇരുന്ന് കാറ്റ് കൊണ്ടായിരുന്നു പ്രതിഷേധിച്ചത്. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇന്ന് അടിയന്തരയോഗം ചേർന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. അപ്രതീക്ഷിതമായ കാലാവസ്ഥയാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം കേരളത്തിൽ ക്രമാതീതമായി വർധിച്ചു. വൈദ്യുതി ഉല്പാദന രംഗത്ത് ഇതുവരെ ഉണ്ടാകാത്ത കുതിച്ചുചാട്ടം. ഹൈഡൽ പ്രോജക്ടുകളിലൂടെ മാത്രം 175 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒന്നും ചെയ്തില്ല എന്ന് പറയുന്നത് മനോവിഷമം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


















































