സൂറിച്ച്: ലോകകപ്പിന് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, കളത്തിനകത്തെ അച്ചടക്കക്കേടുകൾക്കും വംശീയ അധിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുത്താനുള്ള നീക്കവുമായി ഫിഫ. ടൂർണമെന്റിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ നിയമങ്ങളിൽ, കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന പ്രവണതയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.
മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടി സംസാരിക്കുന്നത് ഇനി ഗുരുതര കുറ്റമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ റഫറിമാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അധികാരവും ലഭിക്കും. ലിപ് റീഡിംഗ് വഴിയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഫിഫയുടെ നീക്കം. കളിക്കാരുടെ അധിക്ഷേപ തന്ത്രങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
സമീപകാലത്ത് വിനീഷ്യസ് ജൂനിയർ നേരിട്ട വംശീയ അധിക്ഷേപവും അത് തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും, കൂടാതെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സമയത്ത് ഉണ്ടായ വിവാദങ്ങളും ഈ കടുത്ത തീരുമാനങ്ങൾക്ക് വഴിയൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. ഇതിനൊപ്പം, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്ന കളിക്കാർക്കും ഇനി നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കും.
ടൂർണമെന്റിന്റെ രൂപത്തിൽ വന്ന മാറ്റങ്ങൾ പരിഗണിച്ച് മഞ്ഞക്കാർഡ് നിയമങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ടീമുകളുടെ എണ്ണം 48 ആയി ഉയർന്ന സാഹചര്യത്തിൽ, പ്രധാന താരങ്ങൾ നിർണായക മത്സരങ്ങളിൽ നിന്ന് പുറത്താകുന്നത് ഒഴിവാക്കാനാണ് നടപടി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും. തുടർന്ന് ക്വാർട്ടർ ഫൈനലിന് ശേഷവും മഞ്ഞക്കാർഡുകൾ ഒഴിവാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിച്ചതിന്റെ പേരിൽ ഫൈനൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ല. എന്നാൽ സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചാൽ ഫൈനൽ നഷ്ടമാകുന്നതിൽ മാറ്റമില്ല.
മത്സരത്തിന്റെ വേഗതയും സുതാര്യതയും വർധിപ്പിക്കാനുള്ള ചില പ്രായോഗിക പരിഷ്കാരങ്ങളും ഫിഫ ഉൾപ്പെടുത്തിയിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂഷനിൽ പുറത്തേക്കു പോകുന്ന താരം 10 സെക്കൻഡിനകം ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാൽ ആ ടീമിന് ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇൻ, ഗോൾ കിക്ക് തുടങ്ങിയ സാഹചര്യങ്ങളിൽ സമയം കളയുന്നത് തടയാൻ വിഷ്വൽ കൗണ്ട് ഡൗൺ സംവിധാനവും നടപ്പാക്കും.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഈ ലോകകപ്പിൽ പുതിയ നിയമങ്ങൾ കളത്തിനകത്തെ ശിസ്തവും നിലവാരവും ഉയർത്താൻ സഹായിക്കുമെന്ന് ഫിഫ വക്താവ് വ്യക്തമാക്കി.
















































