തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന് മർദനം. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും കുടുംബവും ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.
ദൃശ്യങ്ങൾ പകർത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്നവര്‍ തടയുകയും പിന്നാലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ എത്തി രാജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ച് മാറ്റി നിർത്തിയ ശേഷം മൊബൈലിലെ ദൃശ്യങ്ങൾ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചു.
അതേസമയം പൊലീസിലോ ദേവസ്വത്തിലോ പരാതി നൽകുന്ന കാര്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് രാജു അറിയിക്കുന്നത്. സ്വകാര്യ സന്ദർശനമായതിനാൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെടാൻ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും, മാധ്യമപ്രവർത്തകനെ മർദിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.














































