ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച യു.എൻ. സുരക്ഷാ കൗൺസിൽ ചർച്ചയിൽ പാകിസ്താനെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ. അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന സൈനിക നടപടികൾ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണിതെന്നും ഇന്ത്യ ആരോപിച്ചു.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനിയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സാധാരണക്കാരെ ലക്ഷ്യമിടുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി വിശേഷിപ്പിക്കുന്നതുകൊണ്ട് അതിന്റെ സ്വഭാവം മാറുന്നില്ല. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതും കുട്ടികൾ അനാഥരാകുന്നതും ഭീകരവിരുദ്ധ പ്രവർത്തനമെന്ന പേരിൽ ന്യായീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.
2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്ത്യ ചൂണ്ടിക്കാട്ടി. അഫ്ഗാൻ അതിർത്തിക്കുള്ളിലേക്കുള്ള ആക്രമണങ്ങളും വ്യാപാര-ഗതാഗത മാർഗങ്ങളിലെ തടസ്സങ്ങളും ആശങ്കാജനകമാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മാനദണ്ഡങ്ങളും പാകിസ്താൻ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന അഫ്ഗാനിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും യു.എൻ. വേദിയിൽ അറിയിച്ചു.















































