തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ അടിമുടി ദുരൂഹത. ഒറ്റകയ്യനായ ഇയാൾ പുറത്തുകടന്നതു സെല്ലിന്റെ കമ്പി അറുത്ത്. അതീവ സുരക്ഷയുള്ള ജയിൽ കമ്പികൾ അറുത്ത് ഇയാൾ പുറത്തുകടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം കൂടിയേതീരു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിൽ ഒന്നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുലർച്ചെ 1.15 ഓടെയാണു തടവുചാടിയത്. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തുകടന്ന ഇയാൾ ജയിലിന്റെ പിൻഭാഗം വഴി 7.5 മീറ്റർ ഉയരമുള്ള മതിലും 1.15 മീറ്റർ ഉയരമുള്ള വെെദ്യുത ഫെൻസിങ്ങും മറികടന്ന് കൈ കൊണ്ട് തുണി പിരിച്ച് വടമാക്കിയാണ് ചാടിയത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ഉയരമുള്ള മതിൽ ഒരാൾക്ക് ചാടിക്കടക്കാനാകുമോയെന്ന കാര്യത്തിലും ദുരൂഹത നിലനിൽക്കുന്നു. അതോടൊപ്പം ചാടുന്ന സമയത്ത് ഫെൻസിങ് വഴി വൈദ്യുതി പാസ് ചെയ്യുന്നില്ലായെന്ന് ഇയാൾ എങ്ങനെ ഉറപ്പാക്കിയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
ഇന്നു പുലർച്ചെ 1.15 ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ ജയിൽ അധികൃതർ അറിഞ്ഞത് രാവിലെ അഞ്ചുമണിയോടെ. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് അന്വേഷണം തുടങ്ങിയത് രാവിലെ 7 മണിയോടെ. ഈ സമയം കൊണ്ട് ബസ് മാർഗമോ, ട്രെയിൻ മാർഗമോ കടക്കാനുള്ള സാഹചര്യമുണ്ടായിയെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഒറ്റക്കൈ കൊണ്ട് ഓടുന്ന ട്രെയിനിൽ ചാടിക്കയറാനും ഇറങ്ങാനും ഏറെ വിദഗ്ദനാണ് ഗോവിന്ദച്ചാമി.
അതേസമയം ഗോവിന്ദച്ചാമിക്കായി പോലീസ് പ്രദേശികമായും അതിർത്തി കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
അതുപോലെ അതീവസുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. 2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫെബ്രവരി ഒന്നിനാണ് കൊച്ചി- ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് പെൺകുട്ടി മരിക്കുകയും ചെയ്തു.