തിരുവനന്തപുരം: പിടികെട്ടാനാവാത്തവിധം സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 60,880 രൂപയിലും ഗ്രാമിന് 7,610 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതായത് ഇനി പവന് 61,000 ആകാൻ 120 രൂപകൂടി മതിയെന്നു സാരം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 6,285 രൂപയിലെത്തി.
രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില സർവകാല റിക്കാർഡിലേക്ക് കുതിച്ചുയർന്നത്. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് വർധിച്ചത്. ഒരാഴ്ചത്തെ റിക്കാർഡ് കുതിപ്പിനു ശേഷം തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 240 രൂപയും കുറഞ്ഞ ശേഷമാണ് ബുധനാഴ്ച മുന്നേറിയത്.
ഈ 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. പിന്നീട് റിക്കാർഡ് ഉയരത്തിൽ മാറ്റമില്ലാതെ രണ്ടു ദിവസം തുടർന്ന സ്വർണവില തിങ്കളാഴ്ച 120 രൂപ കുറയുകയും ചെയ്തു.
ജനുവരി തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളിൽ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപയും പിന്നാലെ 60,000 രൂപയും കടക്കുകയും ചെയ്തു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ ശക്തിയാർജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 2,745 ഡോളറിൽ നിന്നുയർന്ന് 2,763 ഡോളർ വരെയെത്തി. അതേസമയം, വെള്ളിയുടെ വിലയും ഇന്നു കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് രണ്ടുരൂപ ഉയർന്ന് 100 രൂപയിലാണ് വ്യാപാരം നടക്കുന്നത്.