കോട്ടയം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനാധിപത്യ രീതികളും കോൺഗ്രസിന്റെ കീഴ്വഴക്കങ്ങളും പാലിച്ചില്ലെന്നും, മുസ്ലിം ലീഗ് ഭരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിന്റെ സൂചനയാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
“ജനാധിപത്യ ധ്വംസനമാണ് നടന്നത്. ആരായാലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മുന്നിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു മുഖ്യമന്ത്രിയാക്കേണ്ടത്. മുസ്ലിം ലീഗ് നടത്തിയ സമ്മർദ്ദം ശരിയായില്ല. മന്ത്രിസഭാ രൂപീകരണത്തിലും ഇതേ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്,” എന്ന് വാർത്താസമ്മേളനത്തിൽ സുകുമാരൻ നായർ പറഞ്ഞു.
“വി.ഡി. സതീശൻ നല്ല ഭരണം കാഴ്ചവെക്കും എന്നത് പാണക്കാട് സാദിഖലി തങ്ങളുടെ വിശ്വാസമായിരിക്കാം. എന്നാൽ ഞങ്ങൾക്കോ പൊതുസമൂഹത്തിനോ അത്തരമൊരു വിശ്വാസമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Post
“ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ ആ ജനങ്ങളെ ആരാണ് കണക്കെടുത്തത്? വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് എത്ര പേർ ആഗ്രഹിക്കുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ? അങ്ങനെ പറയണമെങ്കിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തെളിയിക്കേണ്ടതുണ്ട്. കോൺഗ്രസ് സ്വന്തം കീഴ്വഴക്കങ്ങൾ ലംഘിച്ചതുകൊണ്ടാണ് എൻ.എസ്.എസ് പ്രതികരിക്കുന്നത്. ഇടതുപക്ഷം അവരുടെ രീതികൾ പാലിച്ചാണ് മുന്നോട്ടുപോകുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണത്തിൽ സാമൂഹികനീതി ഉറപ്പാക്കപ്പെടുമെന്ന പ്രതീക്ഷ കുറഞ്ഞുവെന്നും വർഗീയ രാഷ്ട്രീയം ശക്തമാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. “മാനദണ്ഡങ്ങൾ പ്രകാരം നോക്കിയാൽ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിന് കൂടുതൽ അർഹൻ,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“മുസ്ലിം ലീഗിന് അവരുടെ രാഷ്ട്രീയ ആഗ്രഹങ്ങൾ പറയാം. എന്നാൽ മുഖ്യമന്ത്രിയെ നിർണയിക്കുന്ന തരത്തിൽ നിലപാട് അടിച്ചേൽപ്പിക്കാനുള്ള അവകാശമില്ല. ഘടകകക്ഷികളായി വിജയിച്ചവരാരും ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് മാത്രം നേടി ജയിച്ചവരല്ല,” എന്നും സുകുമാരൻ നായർ പറഞ്ഞു.


















































