മലപ്പുറം:ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ട അഞ്ചുപേരിൽ മൂന്നുപേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. കാണാതായ അഞ്ചാമനായി തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്. പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. അതേസമയം മലവെള്ളം കുത്തിയൊലിച്ച് വരുന്നത് കണ്ട് നാട്ടുകാർ ഒച്ചയിട്ടെങ്കിലും ഇവർ രൗനിച്ചില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.
നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ പത്തിക്കൽ എന്ന സ്ഥലത്തു നിന്നുമാണ് ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയിലുണ്ടായ കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ഒഴുക്കും വെള്ളവും വർധിക്കാൻ കാരണമായത്.
പോലീസ്, ഫയർഫോഴ്സ്, മുങ്ങൽ വിദഗ്ദ്ധർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖലയാണിത്. പാറക്കെട്ടുകൾ നിറഞ്ഞ അപകടസാധ്യതയേറിയ പുഴയും കൂടിയാണിത്. അപകട സമയത്ത് 27 ഓളം പേർ പുഴയുടെ കരയിലുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.
പ്രദേശത്ത് വെളിച്ചക്കുറവും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ വെളിച്ച സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ തുടരാനാണ് രക്ഷാസേനയുടെ തീരുമാനം. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന് പുറമേ മറ്റ് മേഖലകളിൽ നിന്നുള്ള സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.




