കാർവാർ: കർണാടകയിലെ ഭട്കലിൽ കക്ക വാരാനിറങ്ങിയ ഏഴ് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് പേർ മുങ്ങിമരിച്ചു. രണ്ടുപേരെ ഉത്തര കന്നഡയിലെ തട്ടെ ഹക്കാലു നദിയിലായിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
പോലീസ് വൃത്തങ്ങൾ അറിയിച്ചു പ്രകാരം, ഭട്കൽ താലൂക്കിലെ ഷിരാലി ഗ്രാമത്തിൽ നിന്നുള്ള ഏകദേശം 14 പേർ നദിയിൽ ഇറങ്ങി കക്കകൾ ശേഖരിക്കുകയായിരുന്നു. കക്കകൾ ശേഖരിക്കുന്നതിനിടെ ചിലർ നദിയുടെ കൂടുതൽ ആഴമുള്ള ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയായിരുന്നു അപകടം. വെള്ളത്തിന്റെ നില കൃത്യമായി വിലയിരുത്താതെയാണ് അവർ മുന്നോട്ട് പോയതെന്നാണ് സൂചന. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് ശക്തമായി. ഈ സമയം രണ്ടുപേർ ഒഴുക്കിൽ പെട്ടുപോയി. ഇവരെ രക്ഷിക്കാനായി കൂടെയുണ്ടാരുന്നവരും നദിയിലേക്ക് ചാടി. എന്നാൽ ശക്തമായ ജല പ്രവാഹത്തിൽ രക്ഷിക്കാൻ ശ്രമിച്ചവരും അകപ്പെടുകയായിരുന്നു,
ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കാണാതായ മറ്റു രണ്ടുപേർക്കും വേണ്ടി രക്ഷാപ്രവർത്തകർ, പോലീസ് സംഘം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നദിയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
മഴയെ തുടർന്ന് നദിയിലെ ഒഴുക്ക് ശക്തമായതാണ് അപകടത്തിന് പ്രധാന കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് അടുത്തിടെ ശക്തമായ മഴയും ജലനിരപ്പിലെ വ്യതിയാനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ നാഗരത്നയും മഹാദേവിയും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ കാണാതായവർക്കായി ശക്തമായ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് ആർ. അശോകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.















































