വാഷിങ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇത്തവണ ലക്ഷ്യം യൂറോപ്യൻ യൂണിയനാണ്. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് താരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്.
‘നമ്മളുമായുള്ള വ്യാപാരക്കരാറിൽ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന യാഥാർഥ്യത്തെത്തുടർന്ന് യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്ച മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തും. യുഎസിലെ നിർമാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിർമിക്കുന്നതെങ്കിൽ അതിന് തീരുവ ഉണ്ടാകില്ലെന്നാണ് കരാറിലുള്ളത്. ഒട്ടേറെ ഓട്ടൊമൊബൈൽ, ട്രക്ക് നിർമാണ യൂണിറ്റുകളാണ് നിലവിൽ നിർമാണത്തിലുള്ളത്, കോടിക്കണക്കിന് ഡോളർ അതിൽ നിക്ഷേപിച്ചിട്ടുണ്ട്. കാർ, ട്രക്ക് നിർമാണ ചരിത്രത്തിലെ റെക്കോഡാണത്. അമേരിക്കൻ ജീവനക്കാരുള്ള ഈ പ്ലാന്റുകൾ ഉടൻ തുറക്കുകയും ചെയ്യും.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ, വ്യാപാര പങ്കാളികൾക്കുമേൽ അധിക തീരുവ ചുമത്താൻ അടിയന്തര അധികാരം ഉപയോഗിക്കാൻ ട്രംപിനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധി നിലനിൽക്കേയാണ് യൂറോപ്യൻ യൂണിയനുമേൽ ട്രംപ് അധിക തീരുവ ചുമത്താനൊരുങ്ങുന്നത്.

















































