ചെന്നൈ: വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. വിവാഹ വാഗ്ദാനം നൽകി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് പാർട്ടി ഭാരവാഹി കൂടിയായ നേതാവ് പരാതി നൽകിയത്.
പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുരുകാനന്ദത്തെ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി. വിവാഹം കഴിക്കാമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രീരംഗത്ത് നിന്ന് മത്സരിക്കാൻ രാഷ്ട്രീയമായി പിന്തുണക്കാമെന്നും മുരുകാനന്ദം വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരി ആരോപിച്ചു.
ശാരീരികവും മാനസികവുമായ പീഡനം, നിർബന്ധിത ഗർഭഛിദ്രം, തനിക്കും കുട്ടികൾക്കുമെതിരെയുള്ള ഭീഷണികൾ തുടങ്ങിയ ആരോപണങ്ങളും വനിതാ നേതാവ് ഉന്നയിച്ചിട്ടുണ്ട്.




