കാക്കനാട്: ചേന വിത്ത് നട്ടു; മുളച്ചുവന്നപ്പോൾ കണ്ടത് വാഴക്കുലയുടെ രൂപം. അപൂർവ കാഴ്ച കാണാൻ കാക്കനാട് ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്. ബഷീറിന്റെ തൊടിയിൽ നട്ടുവളർത്തിയ ചേനവിത്തിൽ നിന്നാണ് ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റം ഉണ്ടായത്.
ചേനവിത്ത് മുളച്ചുതുടങ്ങിയപ്പോൾ സാധാരണയായി വളരുന്ന ചേനച്ചെടിയുടെ മുളയാണെന്നാണ് ബഷീറും കരുതിയത്. എന്നാൽ മുള വളർന്നതോടെ അതിൽ വാഴക്കുലയ്ക്ക് സമാനമായ രീതിയിൽ പടലകൾ രൂപപ്പെടുകയും കായകൾ വിരിയുകയും ചെയ്തു. ഒറ്റനോട്ടത്തിൽ കണ്ടാൽ ചേനയിൽനിന്ന് വളർന്നതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലാണ് കുലയുടെ രൂപം.
കൗതുകച്ചേന പറമ്പിൽനിന്ന് പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ സംഭവം നാട്ടിൽ കൗതുകമായി. വിവരം അറിഞ്ഞതോടെ അപൂർവ കാഴ്ച കാണാൻ നിരവധി പേരാണ് ബഷീറിന്റെ വീട്ടിലേക്ക് എത്തുന്നത്.
സംഭവമറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ചേനയിൽ മുളച്ചത് യഥാർഥ വാഴക്കുലയല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ജനിതക മാറ്റം സംഭവിച്ചതാകാം ചേനയ്ക്ക് ഇത്തരത്തിൽ രൂപമാറ്റം ഉണ്ടാകാൻ കാരണമെന്നാണ് കൃഷി വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.
കാരണമെന്തായാലും ചേനയിൽനിന്ന് വാഴക്കുലയുടെ രൂപത്തിൽ വളർന്ന അപൂർവ കാഴ്ചയാണ് ഇപ്പോൾ നാട്ടിലെ കൗതുകം. ‘ചേനവാഴക്കുല’ കാണാൻ ബഷീറിന്റെ വീട്ടിലേക്ക് സന്ദർശകരുടെ വരവും തുടരുകയാണ്.
കാണാതായ 21കാരനും പത്താം ക്ലാസുകാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ഇരുവരും ബന്ധുക്കള്‍




