പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാറ്റ് ഒഴിയണമെന്ന ആവശ്യവുമായി താമസക്കാരുടെ അസോസിയേഷൻ. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് നോട്ടിസ് നൽകി. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. അതേസമയം എത്രയും വേഗം മാറിത്തരാമെന്ന് രാഹുൽ മറുപടി നൽകി.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ രാഹുൽ കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎൽഎ ഓഫിസിലെത്തുമെന്നാണ് അറിയുന്നത്. ഇന്നലെ വൈകിട്ട് 4.45 നാണ് പാലക്കാട് നഗരസഭയിലെ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രാഹുൽ വോട്ട് ചെയ്തത്.
ആ സമയം സ്കൂളിനു പുറത്തു രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. തനിക്കു പറയാനുള്ളതും തനിക്കെതിരെ പറയുന്നതും കോടതിയുടെ മുന്നിലാണെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട്ടു തന്നെ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് തന്റെ ഓഫിസിലെത്തി ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മടങ്ങുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ 15 ദിവസത്തിനു ശേഷമാണു മണ്ഡലത്തിൽ തിരിച്ചെത്തിയത്.
ഹോംസ്റ്റേയിൽ പീഡിപ്പിച്ചെന്നാരോപിച്ചുള്ള രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ ഒളിവു ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തിയത്. 3 മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. രാഹുലിന് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം സമൂഹത്തിനു നൽകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.


















































