കൊച്ചി: കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യംചെയ്ത സ്കൂട്ടർ യാത്രികനെ കാറിലെത്തിയ സംഘം ക്രൂരമായി മർദിച്ചു. കലൂർ- കടവന്ത്ര റോഡിലാണ് സംഭവം. പരാതിക്കാരനായ റിജോ ജോയ് (42) സ്കൂട്ടറിൽ യാത്രചെയ്യവേ കാറിൽ യാത്ര ചെയ്തിരുന്ന ഒരാൾ റിജോയുടെ മുഖത്ത് തുപ്പുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന പ്രതികളിലൊരാൾ ഇറങ്ങിവന്ന് വായിൽ വെള്ളം നിറച്ച് തുപ്പുകയും തടഞ്ഞുനിർത്തി റിജോയുടെ ഹെൽമെറ്റ് ബലമായി ഊരിയെടുത്ത് തലയുടെ പിൻഭാഗത്ത് അടിക്കുകയുമായിരുന്നു. പിന്നാലെ ഹെൽമെറ്റ് റോഡിലിട്ട് അടിച്ചുതകർത്തു. സംഭവത്തിൽ കടവന്ത്ര പോലീസ് കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസെടുത്തു.





