റിയാദ്: ഹൂതി ആക്രമണത്തിൽ സൗദി അറേബ്യയിൽ മൂന്ന് പേർ മരിച്ചു. അബഹ, കിങ് ഖാലിദ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. 36 പേർക്ക് പരിക്കേറ്റു.
അബഹ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇവർ മൊറോക്കൻ, അൾജീരിയൻ സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റു.
കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് മരിച്ചത്. ഇവിടെ എട്ട് പേർക്കാണ് പരിക്കേറ്റത്. അഞ്ച് സൗദി പൗരന്മാർ, ഈജിപ്ത് സ്വദേശികളായ രണ്ട് പ്രവാസികൾ, പാകിസ്താൻ സ്വദേശിയായ ഒരാൾ എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ രണ്ട് വിമാനത്താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.




