നൈറോബി: നിർണായക മത്സരത്തിനിടെ പെനാൽറ്റി വിധിച്ചതിന് റഫറിയെ കളിക്കാരും കാണികളും ചേർന്ന് കയ്യേറ്റം ചെയ്യുകയും പിന്തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത സംഭവത്തിൽ കെനിയയിൽ വ്യാപക പ്രതിഷേധം. നൈറോബിയിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
അടുത്ത സീസണിൽ രാജ്യത്തെ ടോപ് ഡിവിഷനിൽ കളിക്കാനുള്ള അവസരം നേടുന്നതിനായി കരിയോബാംഗി ഷാർക്സും മൊംബാസ യുണൈറ്റഡും തമ്മിലായിരുന്നു മത്സരം. നൈറോബിയിൽ നിന്നുള്ള കരിയോബാംഗി ഷാർക്സ് 2-1ന് മുന്നിൽ നിൽക്കുന്നതിനിടെയാണ് റഫറി ജോൺ സുൽവെ എതിർ ടീമിന് പെനാൽറ്റി അനുവദിച്ചത്.
ഇതോടെ ഷാർക്സ് താരങ്ങൾ റഫറിയെ വളഞ്ഞ് തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ കാണികളും ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി. ഇതിനിടെ ഒരു പ്ലാസ്റ്റിക് കസേര റഫറിയുടെ തലയ്ക്ക് തൊട്ടരികിലൂടെ പറന്നുപോയി. കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ സുൽവെയെ മൈതാനത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെ തുടർന്ന് മത്സരം 68-ാം മിനിറ്റിൽ ഉപേക്ഷിച്ചു. കെനിയൻ പത്രമായ ദ സ്റ്റാൻഡേർഡ് റഫറിയുടെ മുഖത്ത് മഞ്ഞ തൊപ്പി ധരിച്ച ഒരാൾ അടിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുകയും സംഭവത്തെ “അപമാനകരം” എന്നും “നാണക്കേട്” എന്നും വിശേഷിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഫുട്ബോൾ കെനിയ ഫെഡറേഷനോ ഇരു ടീമുകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇരു ക്ലബുകളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പ്ലേ ഓഫ് മത്സരമായിരുന്നു ഇതെന്നതാണ് സംഭവത്തിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ സീസണിൽ കരിയോബാംഗി ഷാർക്സ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. പകരം മൊംബാസ യുണൈറ്റഡിനെ ടോപ് ഡിവിഷനിലേക്ക് പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ പുതിയ ലീഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് തങ്ങളെ തരംതാഴ്ത്തിയതെന്ന് ചൂണ്ടിക്കാട്ടി ഷാർക്സ് കോടതിയെ സമീപിച്ചു. ഇതോടെ ഇരുക്ലബുകളും തമ്മിലുള്ള തർക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഫുട്ബോൾ കെനിയ ഫെഡറേഷൻ പ്ലേ ഓഫ് മത്സരങ്ങൾ സംഘടിപ്പിച്ച് വിഷയം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങൾ നേരിട്ടിട്ടുള്ള ഫുട്ബോൾ കെനിയ ഫെഡറേഷന്റെ ഇടപെടലിനിടെയാണ് നിർണായക മത്സരത്തിൽ തന്നെ റഫറിക്കെതിരായ കയ്യേറ്റവും മത്സരം ഉപേക്ഷിക്കേണ്ടിവന്നത്.
UGLY SCENES AT ULINZI SPORTS COMPLEX
Fans have stormed the pitch during the KPL playoff 2nd leg between Kariobangi Sharks and Mombasa United after Mombasa were awarded a penalty. The aggregate currently sits at 3-3.
KDF officers had to intervene to rescue a police officer. This is completely unacceptable behavior and has absolutely no place in modern football!🎥 Video courtesy @TeyaKevin
#footballke #KariobangiSharks #MombasaUnited #spmSportske
— kido THE Brand HSC 🎖️🇰🇪 (@Silvakidole) October 6, 2026





