പത്തനംതിട്ട: ശാസ്താംകോട്ട പോലീസിനെതിരെ അടൂർ സ്വദേശിയായ ദളിത് യുവാവ് ഉന്നയിച്ച മർദ്ദന പരാതി സത്യമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ പത്തനംതിട്ട എസ്പി പോലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്ത് ഐജിക്ക് റിപ്പോർട്ട് നൽകി. പോക്സോ കേസിൽ പ്രതിയായ ഇളയസഹോദരനെ അന്വേഷിച്ചെത്തിയ പോലീസുകാർ, കാറിൽ കയറ്റിക്കൊണ്ടുപോയി ചേട്ടനെ മർദിക്കുകയായിരുന്നു. തന്റെ ജനനേന്ദ്രിയം ഇടിച്ചു തകർത്തെന്നായിരുന്നു 23 കാരൻറെ പരാതി.
സംഭവത്തെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ- ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസുകാർ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചാണ് അടൂരിലെത്തിയത്. അനിയനെ കണ്ടെത്താനെന്ന പേരിൽ തന്നെ സ്വകാര്യകാറിൽ കയറ്റികൊണ്ടുപോയി. പലസ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചുതകർത്തു. മെയ് 29 ന് നടന്ന സംഭവത്തിൻറെ മെഡി. രേഖകളും തെളിവായി പുറത്തുവന്നിരുന്നു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനെ പ്രാഥമിക അന്വേഷണത്തിന് പത്തനംതിട്ട എസ്പി നിയോഗിച്ചു.
അന്വേഷണത്തിൽ പോലീസ് വീഴ്ച കണ്ടെത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി. പ്രസാദും ആഭ്യന്ത്ര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐടി രൂപീകരിക്കാൻ രമേശ് ചെന്നിത്തല നിർദേശം നൽകി. ഇതോടെ ശാസ്താംകോട്ട പോലീസിനെതിരായ അച്ചടക്കനടപടിയും എസ്ഐടി രൂപീകരണ ഉത്തരവും ഉടൻ പുറത്തിറങ്ങും.






