തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ 12.30ഓടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ പ്രതികൾ ശ്രമിച്ചത്. സ്ഥലത്ത് ആരും താമസിക്കുന്നില്ലെന്ന് മനസ്സിലാക്കിയായിരുന്നു മരം മുറിക്കാൻ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മരം മുറിക്കുന്നതിനിടെ വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് ചന്ദനമരം മുറിക്കുന്നതായി കണ്ടത്. തുടർന്ന് വസ്തു ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുകുവിനെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവും സംഭവത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന ബിജുവിനെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു.
മുറിച്ച ചന്ദനമരത്തിന്റെ കഷണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പിന് കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി സുകുവിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






