ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ യുവാവിനെയും മൂന്ന് കൗമാരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛു ഉൾപ്പെടെ 16, 17 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പിടിയിലായത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്നഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ സെപ്റ്റംബർ 13-നാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ച നിലയിലുമായിരുന്നു. തുടർന്ന് മൃതദേഹം ഇവിടെ എത്തിച്ചത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ 50ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പല ദിവസങ്ങളിലായി പരിശോധിച്ചു. ഇതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ഒരു ടെമ്പോ വാൻ പ്രദേശത്ത് എത്തിയതായി കണ്ടെത്തിയത്. ആദ്യം വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് ടെമ്പോ എത്തിയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ടെമ്പോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവദിവസം വാഹനത്തിൽ യാത്ര ചെയ്തിരുന്നവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സെപ്റ്റംബർ 15-ന് അർധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കൊല്ലപ്പെട്ട പെൺകുട്ടിക്കും പ്രതികൾക്കും പരസ്പരം പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം പെൺകുട്ടിയും പ്രതികളും ടെമ്പോ വാനിൽ ഒരുമിച്ച് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ സംഘം മദ്യപിച്ചതായും തുടർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായുമാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽനിന്ന് ഇറങ്ങി സുഹൃത്തുക്കൾക്കൊപ്പം പോകാറുണ്ടായിരുന്നുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. ദിവസങ്ങൾക്കുശേഷം തിരിച്ചെത്താറുള്ളതിനാൽ പെൺകുട്ടിയെ കാണാതായതായി കുടുംബം പരാതി നൽകിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവസമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക്, സാങ്കേതിക തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






