തിരുവനന്തപുരം: നഗരത്തിൽനിന്നു മൃഗശാല മാറ്റുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ തുടങ്ങിവച്ച ചർച്ചയെ തങ്ങൾ പോസിറ്റീവായി സമീപിക്കണമെന്ന് മേയർ വി.വി. രാജേഷ്. ‘തിരുവനന്തപുരത്തു വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന പല അപൂർവ ഇനം മൃഗങ്ങളും ഇപ്പോൾ ഇവിടെ ഇല്ല. ഉയരുന്ന താപനില താങ്ങാനാകാതെ പല മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയാണ്. നഗരത്തിലെ മാലിന്യം, ശബ്ദം, കൂടിയ ചൂട് എന്നിവ പ്രശ്നമാണെന്നാണു വിദഗ്ധർ പറയുന്നത്. ഇതൊന്നും നിയന്ത്രിക്കാൻ ഇപ്പോഴത്തെ നിലയിൽ കഴിയുന്നില്ല.
മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന തരത്തിൽ ആധുനിക നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൗകര്യം തയാറാക്കണം. രാജ്യത്തിന്റെ പല ഭാഗത്തും അത്തരത്തിലുള്ള സമീപനമാണുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ തരത്തിൽ മാർഗനിർദേശങ്ങൾ പാലിച്ച് നഗരത്തിന്റെ തിരക്കുകളിൽനിന്നു കുറച്ച് അകലെയുള്ള സ്ഥലത്തേക്കു മാറ്റിയാൽ കൂടുതൽ അപൂർവയിനം മൃഗങ്ങളെ എത്തിച്ചു പരിപാലിക്കാൻ കഴിയും. സ്ഥലം ഏതാണെന്നു സർക്കാരാണ് തീരുമാനിക്കേണ്ടത്.
അതുപോലെ തിരുവനന്തപുരം നഗരത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വർഷങ്ങൾക്കു മുൻപ് മൃഗശാല സ്ഥാപിച്ച സമയത്തിൽനിന്ന് ഏറെ വ്യത്യസ്തമാണ്. നഗര അന്തരീക്ഷത്തിൽ ചൂട് കൂടുന്നത് മൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കുരങ്ങുകൾ ഉൾപ്പെടെ ചാടിപ്പോകുന്നത് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ സമീപത്തെ താമസക്കാരിലേക്ക് പകരുന്ന സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ നഗരമധ്യത്തിലെ പച്ചപ്പ് നിലനിർത്തിക്കൊണ്ടുതന്നെ മൃഗങ്ങൾക്ക് കൂടുതൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നത് മൃഗങ്ങൾക്കും തിരുവനന്തപുരം നഗരത്തിനും ഒരുപോലെ ഗുണം ചെയ്യും.’ – മേയർ പറഞ്ഞു.




