തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് അതിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികൾ പിടിയിൽ. അടൂർ ഡെൽറ്റ സ്‌ക്വാഡാണ് ഇടുക്കി ചിന്നക്കനാൽ-സൂര്യനെല്ലിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
കഴിഞ്ഞ 14-ാം തീയതിയാണ് സംഘം മൂന്ന് ജില്ലകളിലായി തുടർച്ചയായി മോഷണം നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങി 30ഓളം സ്ഥലങ്ങളിലാണ് സംഘം മോഷണത്തിനും മോഷണശ്രമത്തിനും എത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവർ പല സ്ഥലങ്ങളിലും മോഷണം നടത്തിയിരുന്നത്.
മോഷണപരമ്പരയ്ക്ക് ശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16-ാം തീയതി ചിന്നക്കനാലിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തി. ഇവിടെനിന്ന് പണവുമായി സംഘം സൂര്യനെല്ലിയിലേക്ക് കടക്കുകയായിരുന്നു.
പ്രതികളെ പിന്തുടർന്നെത്തിയ അടൂർ ഡെൽറ്റ സ്‌ക്വാഡ് ഇന്ന് പുലർച്ചെയാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഫോൺ ഉപയോഗിക്കാതിരുന്നതാണ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തുന്നതിൽ പൊലീസിന് വെല്ലുവിളിയായത്.
പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇവർ മോഷ്ടിച്ച് സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പ്രതികളുടെ ചില കൂട്ടാളികളെ അടൂർ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയത്.
അടൂർ ഡിവൈഎസ്പി വിനോദിന്റെയും അടൂർ സിഐ രാജീവിന്റെയും നിർദേശപ്രകാരം അടൂർ എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.






