കോട്ടയം: കല്യാണത്തിന് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ ഉദയം കാറ്ററിങ്ങിന്റെ ഉടമയായ വിഷ്ണുവിന്റെ തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും രംഗത്ത്. കാഞ്ഞിരപ്പള്ളിയിൽ സദ്യ എത്തിക്കാമെന്ന് വാക്കു നൽകി 1.5 ലക്ഷത്തോളം രൂപ കൈപ്പറ്റി ഭക്ഷണം നൽകാതെ നാട്ടുകാരുടെ മുമ്പിൽ വലിയ മാനക്കേട് ഉണ്ടായെന്നു കാണിച്ച് മുണ്ടക്കയത്ത് വിവാഹിതയായ വധുവിന്റെ അമ്മ ബിനീതയും പിതാവ് രാജേഷും രംഗത്ത്. നേരത്തെ ഇതേ കാറ്ററിങ് സംഘത്തിനെതിരേ കഞ്ഞിക്കുഴിയിലെ കുടുംബവും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.
“വിവാഹ സദ്യയ്ക്കായി അഡ്വാൻസായി 75,000 രൂപയാണ് കാറ്ററിങ് ഉടമയ്ക്ക് നൽകിയത്. ഇടയ്ക്കിടയ്ക്ക് വേറെയും പൈസ വാങ്ങിച്ചു. ഇത്തരത്തിൽ 1.40 ലക്ഷത്തോളം രൂപ ഇയാൾ വാങ്ങി. തലേന്നത്തേയും പിറ്റേ ദിവസത്തേയും ഇവരെയാണ് ഏൽപ്പിച്ചിരുന്നത്. കല്യാണത്തിന്റെ തലേദിവസം ഭക്ഷണം വരാൻ താമസിച്ചു. വീട്ടിൽ സ്റ്റേജ് പോലും ഇട്ടിരുന്നില്ല.
തുടർന്ന് കല്യാണത്തിന്റെ അന്ന് രാവിലെ ഭക്ഷണത്തിനായി ആറ് മണി തൊട്ട് കാത്തിരുന്നു. ഇപ്പോ വരും എന്ന് പറഞ്ഞതല്ലാതെ ഭക്ഷണം എത്തിയില്ല. ഏഴ് മണിക്ക് ബ്രേക്ക് ഫാസ്റ്റ് എത്തിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ എത്തിയില്ല. ഒമ്പത് മണിവരെ നിരന്തരം വിളിച്ചു. എന്നിട്ടും വന്നില്ല. പിന്നീട് വധുവിനു വീട്ടിൽനിന്ന് ഇറങ്ങാൻ സമയമായി. ഗസ്റ്റ് എല്ലാം എത്തി, ഇനി ഭക്ഷണം കൊണ്ടുവന്നിട്ട് എന്ത് ചെയ്യാനാണ് എന്ന് ചോദിച്ചു. ഉച്ചയ്ക്കത്തെ ഭക്ഷണം 10.30-ന് എത്തണം എന്ന് പറഞ്ഞു. അല്ലെങ്കിൽ വിഷയം മാറുമെന്ന് ഞാൻ പറഞ്ഞു. 10.30 ആയിട്ടും എത്തിയില്ല. താലികെട്ടുന്ന സമയത്തും ഞാൻ വിളിച്ചുകൊണ്ടിരിക്കുകയാണ്. കൊണ്ടു വരുന്നില്ലെങ്കിൽ അത് പറ എന്ന് പറഞ്ഞപ്പോൾ, നിങ്ങൾ വേറെ ഓർഡർ ചെയ്തോളൂ എന്ന്…
ആ സമയം എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അന്നു ഞായറാഴ്ച ആയതിനാൽ ഹോട്ടലുകളൊക്കെ അടച്ചിരുന്നു. എല്ലാവരും നാലുഭാഗത്തും നെട്ടോട്ടമോടി. പിന്നീട് 26-ാം മൈലിലുള്ള ഹോട്ടലിൽ നിന്ന് 80 പേരുടെ ഭക്ഷണം എത്തിക്കുകയായിരുന്നു. കുറേപേർ കഴിക്കാതെ പോയി. സഹിക്കാൻ പറ്റിയില്ല. ഇനിയൊരു മാനഹാനി ആർക്കും ഉണ്ടാകരുത്. എന്ത് നഷ്ടപരിഹാരം തന്നുവെന്ന് പറഞ്ഞാലും നികത്താനാകില്ല. ചതിയായിരുന്നു. തീ തിന്നുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
പിന്നീട് പോലീസിന് പരാതിനൽകി. തിങ്കളാഴ്ച അയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പോലീസിനോടും വരുന്നെന്ന് പറഞ്ഞു, എന്നാൽ, വന്നില്ല. ലൊക്കേഷൻ നോക്കിയപ്പോൾ ആൾ എറണാകുളത്തായിരുന്നു. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്. വീഡിയോ കണ്ടാണ് വിളിച്ചത്. പാക്കേജ് കണ്ടപ്പോൾ എല്ലാം അതിൽ ഉണ്ടായിരുന്നു”, കുടുംബം പറയുന്നു.
അതേസമയം കാറ്ററിങ് ഉടമ വിഷ്ണുവിനെതിരേ നേരത്തെയും സമാനമായി പരാതി ഉയർന്നിരുന്നു. ഇയാൾ സ്ഥിരം തട്ടിപ്പുകാരനെന്നാണ് വിവരം. പെരുമ്പാവൂരിലും ഇത്തരത്തിൽ ഇയാൾ തട്ടിപ്പു നടത്തിയിരുന്നുവെന്ന് പരാതിക്കാരൻ കെ. എൽദോ പറഞ്ഞു. എൽദോയുടെ മകന്റെ വിവാഹത്തിന് ഓൺലൈൻ വഴിയായിരുന്നു പണം കൈമാറിയത്. മൂന്ന് ലക്ഷത്തോളം രൂപ ഇയാൾക്ക് കൈമാറിയിരുന്നുവെന്നും എന്നാൽ, ഭക്ഷണം എത്തിച്ചില്ലെന്നും എൽദോ പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.






