തിരുവനന്തപുരം: നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് മുൻ സർക്കാരിന്റെ വീഴ്ചകളും കാരണമാണെന്ന് വകുപ്പുമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. അധികം വൈകാതെ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമെങ്കിലും കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹംപറഞ്ഞു.
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരിഹാസങ്ങളല്ല അത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള, ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളാണ് കാണുന്നത്. അത് ജനങ്ങൾക്ക് നന്നായിട്ട് അറിയാം. മുഖ്യമന്ത്രിയും ഞാനും കെ.എസ്.ഇ.ബി. ചെയർമാനും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ അത് ജനങ്ങളിലെത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ ചില ചാനലുകളും പത്രങ്ങളും മാത്രമാണ് കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയിൽ ഈ സർക്കാരിന് ഉത്തരവാദിത്വമില്ല എന്നല്ല പറയുന്നത്. എന്നാൽ, വൈദ്യുതി പോലുള്ള ഒരു വകുപ്പിൽ മൂന്നുമാസം എന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ട കാലമല്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രതിസന്ധികളുണ്ട്. അവ തരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശവും സഹകരണവും തേടിക്കൊണ്ട്, വകുപ്പുകളെ ഏകോപിപ്പിച്ച്, ഉദ്യോഗസ്ഥരുടെയും ബോർഡ് അംഗങ്ങളുടെയും സഹകരണത്തോടെ പ്രവർത്തിക്കുകയാണ്. മന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പരിശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ പത്തുവർഷത്തെ കാര്യങ്ങളാണ് ഞങ്ങൾ പരിശോധിച്ചത്. പുതിയ പദ്ധതികൾ ഉണ്ടായിട്ടില്ല. പത്തുവർഷംകൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ മൂന്നുമാസംകൊണ്ട് ഉണ്ടാക്കേണ്ടതാണെന്ന് പറയാനാകില്ല. ഉണ്ടായിരുന്ന ഒരു ദീർഘകാല വൈദ്യുതി കരാർകൂടി റദ്ദാക്കുകയാണ് ചെയ്തത്. ദീർഘകാല കരാർ റദ്ദാക്കിയത് തികഞ്ഞ തെറ്റാണ്, ബുദ്ധിമോശമാണ്. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. ഇപ്പോൾ പത്തുരൂപ കൊടുത്താലും കിട്ടാനില്ല. 25 വർഷത്തേക്കുള്ള കരാറായിരുന്നു അത്. കരാർ റദ്ദാക്കാൻ കണ്ടെത്തിയ ന്യായങ്ങൾ തെറ്റായിരുന്നു. റദ്ദാക്കിയവർതന്നെ പിന്നീട് തീരുമാനം പുനഃപരിശോധിച്ചു. അതിലൂടെ റദ്ദാക്കിയത് തെറ്റാണെന്ന് അവർതന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, അപ്പോഴേക്കും കമ്പനികൾക്ക് കൂടുതൽ വിലയ്ക്ക് വൈദ്യുതി വിൽക്കാനുള്ള അവസരം ലഭിച്ചു. പഴയ കരാറിലേക്ക് തിരിച്ചുവരുന്നതിനുപകരം അവർ കേസിനും അപ്പീലിനും പോയി. മുൻ സർക്കാരിന് പിന്നീട് ബോധോദയമുണ്ടായെങ്കിലും കമ്പനികൾ അതിനായി കാത്തുനിന്നില്ല. നമുക്ക് ലഭിച്ച സുവർണാവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.






