റിയാദ്∙ പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതർ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചതായി സൗദി അറേബ്യ. ബുധനാഴ്ച മക്ക ഉൾപ്പെടെയുള്ള സൗദിയുടെ പടിഞ്ഞാറൻ തീരമേഖലകൾ ലക്ഷ്യമിട്ട് ഡ്രോൺ വിക്ഷേപിച്ചെന്നാണ് സൗദിയുടെ ആരോപണം. ആക്രമണശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തതായി സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി അറിയിച്ചു.
മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണശ്രമമുണ്ടായതെന്നാണ് സൗദി സേനയുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിൽ വ്യോമാക്രമണ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത് ചരിത്രത്തിലാദ്യമായാണെന്നും റിപ്പോർട്ടുകളുണ്ട്.
വിശുദ്ധ നഗരത്തെ ലക്ഷ്യമിട്ട് ആക്രമണശ്രമം നടന്നുവെന്ന വാർത്തയിൽ മുസ്‌ലിം രാജ്യങ്ങൾക്കിടയിലും പ്രതിഷേധം ശക്തമായി. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം. എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ നിഷേധിച്ചു.
‘മക്കയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണ്. ഇത്തരം നുണകൾ നേരത്തെയും പ്രചരിപ്പിച്ചിട്ടുണ്ട്. ഇനിയും ആരെയും വിഡ്ഡികളാക്കാനാവില്ല’ എന്നാണ് ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹാസെം അൽ ആസാദ് എക്സിൽ പ്രതികരിച്ചത്.
സംഘർഷം ശക്തമായ സാഹചര്യത്തിൽ സൗദിയിലെ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കും തടസം നേരിട്ടു. സൗദിയിലെ അതിർത്തി നഗരങ്ങൾക്കുനേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുമായി യുഎസും രംഗത്തെത്തി. സൗദിയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ സൗദിയിൽ 13 പേർക്ക് പരുക്കേറ്റിരുന്നു. ഖാമിസ് മുഷൈത്, അബാഹ്, തായിഫ് നഗരങ്ങളിലായി ഏഴ് വീടുകളും രണ്ട് വാഹനങ്ങളും തകർന്നു. ചെങ്കടലിലെ സൗദിയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബു തുറമുഖത്തും വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. ജിദ്ദ, ജസാൻ, അൽ ഉല എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ചെങ്കടലിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളിൽ ഇന്ത്യയും ആശങ്ക രേഖപ്പെടുത്തി.
അതിനിടെ, ഹോർമുസിൽ ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എൻജിൻ റൂമിൽ തീപിടിച്ചു. രണ്ട് നാവികരെ കാണാതായതായും 23 ജീവനക്കാരെ ഒമാൻ തീരസേന രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി






