ടെഹ്റാൻ: ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന എട്ട് സ്ത്രീകളെങ്കിലും വധശിക്ഷാ കാത്ത് ദിനങ്ങൾ തള്ളി നീക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎയുടെ റിപ്പോർട്ട്. ഇതിൽ നാല് പേർക്ക് ജനുവരിയിൽ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേരുടെ വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവെച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാനിലെ ഈവിൻ ജയിലിൽ കഴിയുന്ന മറിയം ഹദവന്ദ്, മഹ്‌നാസ് ചാർദൗലി, ലൈല അബുൽഹസനി, തരാനെ റഹീമി എന്നിവരാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷ നേരിടുന്ന നാല് പേർ. നിരോധിത സംഘടനകളിൽ പ്രവർത്തിക്കുകയും സായുധ കലാപത്തിന് ശ്രമിക്കുകയും ചെയ്തെന്നതാണ് ഇവർക്കെതിരായ പ്രധാന കുറ്റം. പള്ളിക്ക് തീയിട്ടു, ബസിജ് സേനാംഗങ്ങളെ വധിക്കാൻ ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
റഷ്തിലെ ലാക്കാൻ ജയിലിൽ കഴിയുന്ന 68കാരിയായ സഹ്‌റ ഷഹ്ബാസ് തബാരിയുടെ ആദ്യ വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ പുനർവിചാരണയ്ക്ക് ശേഷം ഇവർക്ക് വീണ്ടും വധശിക്ഷ വിധിച്ചു.
സുരക്ഷാ ലംഘനം, സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ വിദേശ മാധ്യമങ്ങൾക്ക് കൈമാറൽ, ഇറാന്റെ പരമോന്നത നേതാവിനെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബന്ദർ അബ്ബാസിൽ 32കാരിയായ സെവ്ദ (മർസിയ ഇബ്രാഹിം)ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഇവയിൽ അഞ്ച് കേസുകൾ ഇപ്പോഴും പ്രാഥമിക വിചാരണ ഘട്ടത്തിലാണെന്നും എച്ച്ആർഎൻഎ വ്യക്തമാക്കി. ബിത ഹെമ്മതി, വരീഷ മൊറാദി എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും ഇവരുടെ കേസുകളിലെ വിചാരണ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
പ്രക്ഷോഭകരെയും രാഷ്ട്രീയ തടവുകാരെയും ലക്ഷ്യമിട്ട് ഇറാൻ അധികൃതർ വധശിക്ഷ നടപ്പാക്കുന്ന നടപടിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.






