തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ ഡിസംബർ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്. രാത്രി 12 മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനും രാവും പകലുമായി 300 മെഗാവാട്ടിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ വരെയുള്ള മാസങ്ങളിലും സമാന രീതിയിലാണ് ടെൻഡർ നടപടികൾ.
അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത് 88 മെഗാവാട്ടിന് മാത്രമാണ്. ഓഫ് പീക്ക് സമയത്തേക്ക് ഉൾപ്പെടെ വൈദ്യുതിക്ക് വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള അനുമതി നിഷേധിച്ചത്. ആവശ്യപ്പെട്ടതിന്റെ പകുതിയെങ്കിലും ലഭിച്ചാൽ പിടിച്ചുനിൽക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബിയുടെ നീക്കം.
നേരത്തെ പീക്ക് സമയത്ത് രാത്രി പത്ത് മണി വരെ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു. രാവും പകലുമായി അടുത്ത ജൂലൈ വരെ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനും അനുമതിയുണ്ടായിരുന്നു.
Related Post
അതേസമയം, 30 രൂപ വരെ നൽകിക്കൊണ്ട് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതിനാലും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകാനുള്ള സാധ്യത കുറവായതിനാലുമാണ് തീരുമാനം നീളുന്നത്.
ഈ മാസം നേരിട്ട വൈദ്യുതി പ്രതിസന്ധി അടുത്ത മാസം ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. സംസ്ഥാനത്തിന് പുറത്തുള്ള കെഎസ്ഇബി ഡയറക്ടർമാർ കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ മാസം വൈദ്യുതി കടം തിരിച്ചുനൽകുന്നത് അവസാനിക്കുന്നതും കേന്ദ്ര പൂളിൽനിന്ന് 150 മെഗാവാട്ട് അധിക വിഹിതം ലഭിച്ചതും കെഎസ്ഇബിക്ക് ആശ്വാസമാണ്.
അതിനിടെ, ഞായറാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 94.44 ദശലക്ഷം യൂണിറ്റായി. തത്സമയ വിപണിയിൽനിന്നും ഇന്നലെ കൂടുതൽ വൈദ്യുതി കെഎസ്ഇബി വാങ്ങി. എന്നാൽ മധ്യപ്രദേശിൽനിന്ന് വൈദ്യുതി കടമായി ലഭിച്ചില്ല.






