ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 12 വാർഡുകളിൽ വിജയം. എന്നാൽ പാർബത്സർ മുനിസിപ്പാലിറ്റിയിലെ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. സ്വന്തം വോട്ട് പോലും രേഖപ്പെടുത്താൻ കഴിയാതിരുന്ന സ്ഥാനാർഥിയുടെ ഫലം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ശ്രദ്ധേയമായി.
ദിദ്വാന- കുചാമൻ ജില്ലയിലെ പാർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ്ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹിന ഖാനം 376 വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥി റാഷിദ് ഖാന് 195 വോട്ടുകൾ ലഭിച്ചു.
ഇതിനിടെ തന്റെ ഒരു വോട്ട് സംബന്ധിച്ച് വിശദീകരണവുമായി കൈലാഷ്ചന്ദ് തന്നെ രംഗത്തെത്തി. താൻ വോട്ടറായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 12-ാം വാർഡിലാണെന്നും എന്നാൽ ബിജെപി തന്നെ അതിന് സമീപമുള്ള 13-ാം വാർഡിൽ സ്ഥാനാർഥിയാക്കിയെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
“എനിക്ക് ഒരു വോട്ടാണ് ലഭിച്ചത്. എന്റെ വോട്ട് 12-ാം വാർഡിലാണ്. എന്നെ 13-ാം വാർഡിൽ നിന്നാണ് മത്സരിപ്പിച്ചത്. ആ വാർഡിലുള്ള ആരോ ഒരാൾ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്,” കൈലാഷ്ചന്ദ് പറഞ്ഞു. അതേസമയം പാർബത്സർ മുനിസിപ്പാലിറ്റിയിലെ ആകെ 25 വാർഡുകളിൽ കോൺഗ്രസ് 13 വാർഡുകൾ നേടിയപ്പോൾ ബിജെപി 12 വാർഡുകളിലാണ് വിജയിച്ചത്. ഇതോടെ കോൺഗ്രസിന് മുനിസിപ്പാലിറ്റിയിൽ കേവല ഭൂരിപക്ഷം ലഭിച്ചു. രാജസ്ഥാനിലെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് കൈലാഷ്ചന്ദിന്റെ ഒരു വോട്ട് എന്ന കണക്ക് പ്രത്യേക ശ്രദ്ധ നേടിയത്. സംസ്ഥാനത്താകെ 10,000ത്തിലധികം കൗൺസിലർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.





