കീവ്: നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിക്ക് സമീപം യാത്രാ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മറ്റ് യൂറോപ്യൻ രാഷ്ട്രീയ നേതാക്കളും സഞ്ചരിച്ച നയതന്ത്ര ട്രെയിൻ ഇതേ പാതയിലൂടെ കടന്നുപോയി മിനിറ്റുകൾക്കകം പിന്നാലെയെത്തിയ ട്രെയിനാണ് ഡ്രോൺ ആക്രമണത്തിൽപ്പെട്ടത്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പോളണ്ട് അതിർത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് യാത്രാ ട്രെയിനിന് നേരെ ഡ്രോൺ പതിച്ചതെന്ന് യുക്രെയ്ൻ റെയിൽവേ ഓപ്പറേറ്ററായ Ukrzaliznytsia അറിയിച്ചു. വിദേശ പ്രതിനിധികൾ കീവിനും യൂറോപ്പിനുമിടയിൽ സഞ്ചരിക്കാൻ പതിവായി ഉപയോഗിക്കുന്ന റെയിൽ പാതയാണിത്.
അതേസമയം കീവിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ബോറിസ് ജോൺസണും മറ്റ് യൂറോപ്യൻ രാഷ്ട്രീയ നേതാക്കളും നയതന്ത്ര ട്രെയിനിൽ ഇതേ റൂട്ടിലൂടെ യാത്ര ചെയ്തത്. ആക്രമണമുണ്ടായ ട്രെയിനിന് തൊട്ടുമുമ്പാണ് നയതന്ത്ര ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. ആക്രമണഭീഷണി തുടരുന്ന സാഹചര്യത്തിൽ റെയിൽവേ സമയക്രമത്തിൽ തത്സമയം മാറ്റം വരുത്തിയതിനെ തുടർന്ന് നയതന്ത്ര ട്രെയിൻ നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ യാത്ര തിരിക്കുകയായിരുന്നു.
മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ്റ്റ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സിൽ പ്രതികരിച്ചു. “ഞങ്ങളുടെ ട്രെയിനല്ല, അതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം അതിർത്തി കടന്നെത്തിയ ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. ഡ്രോൺ സമീപിച്ചപ്പോൾ ട്രെയിനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല,” അദ്ദേഹം പറഞ്ഞു.
റഷ്യൻ ഡ്രോണിന്റെ ലക്ഷ്യം യഥാർഥത്തിൽ യൂറോപ്യൻ രാഷ്ട്രീയ നേതാക്കൾ സഞ്ചരിച്ച നയതന്ത്ര ട്രെയിൻ തന്നെയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യുക്രെയ്ൻ റെയിൽവേ അധികൃതരും വ്യക്തമാക്കി. റഷ്യൻ ആക്രമണങ്ങളുടെ നിരന്തരമായ ഭീഷണി കണക്കിലെടുത്ത് ട്രെയിൻ സമയക്രമത്തിൽ തത്സമയം മാറ്റം വരുത്തിയതിനാൽ നയതന്ത്ര ട്രെയിൻ നിശ്ചയിച്ചതിലും നേരത്തെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നുവെന്നും അവർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ബോറിസ് ജോൺസണും പ്രതികരിച്ചു. താൻ സഞ്ചരിച്ച ട്രെയിൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച അദ്ദേഹം സംഭവത്തെ “യാദൃശ്ചികവും അർത്ഥശൂന്യവുമായ ആക്രമണം” എന്നാണ് വിശേഷിപ്പിച്ചത്.
യുക്രെയ്ൻ അതിർത്തിയോട് ചേർന്ന പോളണ്ട് പ്രദേശത്ത് റഷ്യൻ ആക്രമണങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് പോളിഷ് വിദേശകാര്യ മന്ത്രി പറഞ്ഞു. നാറ്റോ പ്രദേശത്തിന് സമീപമുള്ള റഷ്യയുടെ വർധിച്ചുവരുന്ന ആക്രമണങ്ങൾ “സംഘർഷത്തിന്റെ തീവ്രത ഉയർത്തുന്നതാണ്” എന്നും അദ്ദേഹം പ്രതികരിച്ചു.
ഞായറാഴ്ച തന്നെ യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ അകലെയുള്ള ഒരു ട്രക്കും ആക്രമിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഡൊറോഹുസ്ക് -യാഹോഡിൻ അതിർത്തി കടന്നുപോകൽ കേന്ദ്രത്തിന്റെ പ്രവർത്തനം കുറച്ചുസമയത്തേക്ക് നിർത്തിവെക്കേണ്ടിവന്നതായി പോളിഷ് അതിർത്തി രക്ഷാസേന അറിയിച്ചു.
യൂറോപ്പിൽ നിന്ന് പടിഞ്ഞാറൻ യുക്രെയ്നിലേക്ക് സൈനിക ചരക്കുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മോസ്കോയുടെ യുക്രെയ്ൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇരുപക്ഷവും സാമ്പത്തിക, സൈനിക, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയോടും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളോടും ചേർന്നുള്ള അതിർത്തി കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും റഷ്യ അടുത്തിടെ കൂടുതൽ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോറീഷ്യ മേഖലയിലും രാത്രി ആക്രമണങ്ങൾ തുടർന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപ്പോറീഷ്യ ആണവനിലയത്തിന് സമീപം ഇന്ധന ട്രക്കുകൾക്ക് നേരെ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ കമ്പനിയായ റോസാറ്റോമിന്റെ മേധാവി ആരോപിച്ചു.
2022 മാർച്ച് മുതൽ റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോറീഷ്യ ആണവനിലയം ഇപ്പോഴും യുദ്ധമേഖലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇന്ധന ട്രക്കുകൾക്ക് നേരെയുണ്ടായതായി പറയുന്ന ആക്രമണത്തെക്കുറിച്ച് യുക്രെയ്ൻ സൈനിക വക്താവ് ഉടൻ പ്രതികരിച്ചിട്ടില്ല.
റഷ്യയിലും യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വോൾഗ നദീതടത്തിലെ ടാറ്റർസ്ഥാനിലെ നിഷ്നെകാംസ്കിൽ “സിവിലിയൻ, വ്യാവസായിക” ലക്ഷ്യങ്ങൾ യുക്രെയ്ൻ ഡ്രോണുകൾ ആക്രമിച്ചതായി നഗര മേയർ റാഡ്മിർ ബെലിയേവ് പറഞ്ഞു. ആക്രമണത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.
നിഷ്നെകാംസ്കിൽ ഏത് ലക്ഷ്യങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് മേയർ വ്യക്തമാക്കിയിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന എണ്ണ ശുദ്ധീകരണശാല നേരത്തെയും ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. സംഭവത്തിൽ യുക്രെയ്ൻ അധികൃതർ ഉടൻ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയിലെ തെക്കൻ ക്രാസ്നോദാർ മേഖലയിലെ മറ്റൊരു എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ യുക്രെയ്ൻ സേന ആക്രമണം നടത്തിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.






