ആലപ്പുഴ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി. ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ സമീപിച്ചു. ആവശ്യവുമായി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഫെഡറേഷൻ കത്തുനൽകി.
‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സർക്കാരിനോട് പുതിയ നിർദേശവുമായി ബസുടമകൾ രംഗത്തെത്തിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറേഷൻ അറിയിച്ചു.
കെ.എസ്.ആർ.ടി.സി.യുടെ ബോർഡ് സ്ഥാപിച്ച് സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തണമെന്നാണ് ബസുടമകളുടെ നിർദേശം. പെർമിറ്റും ബസിന്റെ ഉടമസ്ഥാവകാശവും നിലവിലെ ഉടമകൾക്ക് തന്നെ തുടരും. സർവീസിനായി ഡ്രൈവറെ നൽകാനും ഉടമകൾ തയ്യാറാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് തുടങ്ങിയവയുടെ ഉത്തരവാദിത്വം ഉടമകൾ തന്നെ വഹിക്കും. അതേസമയം ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സി. ഏറ്റെടുക്കണമെന്നും കിലോമീറ്ററിന് നിശ്ചിത തുക വാടകയായി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
ഒരു കിലോമീറ്ററിന് ശരാശരി 55 രൂപയാണ് സ്വകാര്യ ബസുകളുടെ പ്രവർത്തനച്ചെലവെന്നാണ് ഫെഡറേഷന്റെ കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമകൾക്ക് ലാഭകരമായ തുക വാടകയായി നിശ്ചയിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നിർദേശം സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്കായി വിളിച്ചിട്ടില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.






