തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാർ (35) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചുവരികയാണ് ഇയാൾ.
സംഭവം ഇന്നലെ പുലർച്ചെ നാലുമണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലയ്ക്ക് സമീപമായിരുന്നു. വാഹനം അപകടത്തിൽപ്പെട്ടെന്നും വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും പറഞ്ഞാണ് അനീഷ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. വിവരമറിഞ്ഞ് കടയ്ക്കൽ ഫയർഫോഴ്സ് നിലയത്തിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി.
എന്നാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അനീഷ് റോഡിൽ നിൽക്കുകയാണെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിലെ ഇന്ധനം തീർന്നതാണെന്ന് ഇയാൾ പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട അനീഷ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






