ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പിന്നാലെ ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് കടലിടുക്കിലും പ്രതിസന്ധി രൂക്ഷമാകുന്നത് ആഗോള വ്യാപാരത്തിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഈ പ്രധാന ജലപാതയുടെ നിയന്ത്രണം പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ആഗോള എണ്ണവിതരണവും അന്താരാഷ്ട്ര ചരക്കുനീക്കവും കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമായി.
സൂയസ് കനാൽ വഴി മധ്യധരണ്യാഴിയെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര വ്യാപാര പാതയാണ് ബാബ് അൽ മന്ദേബ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്ക് ഈ പാതയെ കൂടുതൽ ആശ്രയിച്ചുവരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
ഹോർമുസ് പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യയിലും പാചകവാതക ലഭ്യതയിൽ ആശങ്ക ഉയർന്നിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ നിരവധി രാജ്യങ്ങൾ സാമ്പത്തിക സമ്മർദത്തിലായി. ഇന്ത്യയിലും ഇന്ധനവില വർധനയുടെ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ചെങ്കടലിൽ പുതിയ പ്രതിസന്ധി.
യെമന്റെ ചെങ്കടൽ തീരത്ത് 18 മണിക്കൂർ നീണ്ട ആക്രമണത്തിന് പിന്നാലെയാണ് ഏകദേശം 29 കിലോമീറ്റർ വീതിയുള്ള ബാബ് അൽ മന്ദേബിന്റെ നിയന്ത്രണം ഹൂതികൾ ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ‘കണ്ണീരിന്റെ കവാടം’ എന്നറിയപ്പെടുന്ന ഈ കടലിടുക്കിനോട് ചേർന്നുള്ള മൊച്ച തുറമുഖ നഗരവും മയൂൺ അഥവാ പെരിം ദ്വീപും സുഖർ, ഹനീഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായും റിപ്പോർട്ടുകളുണ്ട്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ. ബാബ് അൽ മന്ദേബ് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് ആഗോള വിതരണ ശൃംഖലയെയും ഇന്ധനവിലയെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ നിന്ന് ഏകദേശം 3,000 കിലോമീറ്റർ അകലെയാണ് ബാബ് അൽ മന്ദേബ്. എന്നാൽ ഇവിടെ ഉണ്ടാകുന്ന പ്രതിസന്ധി ഇന്ത്യയുടെ ഊർജസുരക്ഷയെയും സാമ്പത്തിക മേഖലയെയും കാര്യമായി ബാധിക്കാം. ഹോർമുസിന് പുറമെ ക്രൂഡ് ഓയിലും മറ്റ് പെട്രോകെമിക്കൽ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും ഈ കടൽപാത ഇന്ത്യയ്ക്ക് പ്രധാനമാണ്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നാൽ ഇന്ത്യയിലും ഇന്ധനവില വർധിക്കാനുള്ള സമ്മർദമുണ്ടാകും. അതേസമയം ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്ക് ഡീസൽ, വ്യോമയാന ഇന്ധനം, മരുന്നുകൾ, യന്ത്രസാമഗ്രികൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും ചെങ്കടൽ പാത നിർണായകമാണ്.
ബാബ് അൽ മന്ദേബ് സുരക്ഷിതമല്ലാതായാൽ കപ്പലുകൾക്ക് ആഫ്രിക്കൻ വൻകര ചുറ്റി ഗുഡ് ഹോപ്പ് മുനമ്പ് വഴി സഞ്ചരിക്കേണ്ടിവരും. ഇതോടെ യാത്രാദൂരവും സമയവും ചരക്കുകൂലിയും ഗണ്യമായി വർധിക്കും. മുംബൈയിൽനിന്ന് റോട്ടർഡാമിലേക്കുള്ള കപ്പൽ യാത്രാദൂരം ഏകദേശം 15,700 കിലോമീറ്ററിൽനിന്ന് 23,000 കിലോമീറ്ററായി ഉയരാം.
യാത്രാദൂരം വർധിക്കുന്നതോടെ ഇന്ധനച്ചെലവും ഇൻഷുറൻസ് ചെലവും ചരക്കുകൂലിയും ഉയരും. ഇത് ഇന്ത്യൻ ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര മത്സരശേഷിയെയും ബാധിച്ചേക്കും.
ഹോർമുസ് കടലിടുക്കിലെ തടസ്സത്തിന് പിന്നാലെ ബാബ് അൽ മന്ദേബിലും പ്രതിസന്ധി തുടരുന്നത് ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും കയറ്റുമതി സമ്പദ്വ്യവസ്ഥയ്ക്കും ഇരട്ട തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ആഗോള വ്യാപാരപാതകളിലെ തുടർച്ചയായ തടസ്സം ലോകവിപണിയിൽ കൂടുതൽ വിലക്കയറ്റത്തിനും വിതരണ പ്രതിസന്ധിക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ.






