പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തിൽ യുവാവ് റാന്നി പൊലീസിന്റെ പിടിയിൽ. വരവൂർ സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്.
പ്രദേശത്തെ നാല് സ്ത്രീകളാണ് സംഭവത്തിൽ നിലവിൽ പൊലീസിൽ പരാതി നൽകിയത്. ഇരകളായ സ്ത്രീകളുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് അനൂപ് ചിത്രങ്ങൾ കൈക്കലാക്കിയത്. തുടർന്ന് ഇവ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രങ്ങൾ ഏതെങ്കിലും അശ്ലീല ഗ്രൂപ്പുകളിലോ വെബ്സൈറ്റുകളിലോ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.






