തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ അതിക്രമം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തതായി പൊലീസ്. ബഹളം രൂക്ഷമായതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 10ന് ശേഷമാണ് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ സംഭവമുണ്ടായത്. ബാറിന് സമീപത്തെ റോഡിൽ സംശയാസ്പദമായി കണ്ട റൗഡി പട്ടികയിൽ ഉൾപ്പെട്ട 28കാരനെ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. ‘‘എന്റെ ചെക്കനെ ഇറക്കിവിടടാ’’ എന്ന് വിളിച്ചുപറഞ്ഞാണ് പെൺകുട്ടി എത്തിയതെന്ന് പൊലീസ് പറയുന്നു.
സുഹൃത്തിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ബഹളം വച്ച പെൺകുട്ടി എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പൊലീസ് വിശദീകരണം. ഈ സമയത്ത് സ്റ്റേഷനിൽ വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ പെൺകുട്ടിയെ തടഞ്ഞുവയ്ക്കാനും നിയന്ത്രിക്കാനും പൊലീസിന് ബുദ്ധിമുട്ടുണ്ടായി.
സംഘർഷം രൂക്ഷമായതോടെ വനിതാ പൊലീസുകാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. എന്നാൽ പെൺകുട്ടി ബഹളം തുടരുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പിന്നീട് ആംബുലൻസിൽ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രവേശിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയവും പൊലീസിനുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






