ധാക്ക: രണ്ടു വർഷമായി ജയിലിൽ കഴിയുന്ന ബംഗ്ലാദേശിലെ ഹിന്ദു സന്യാസിയും നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിന് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അഞ്ച് മണിക്കൂർ പരോൾ അനുവദിച്ചു. ഏകദേശം രണ്ട് വർഷമായി ജയിലിൽ കഴിയുന്ന ചിൻമോയ് കൃഷ്ണ ദാസിന്റെ 71കാരിയായ അമ്മ സന്ധ്യ റാണി ധർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണത്തിന് മുമ്പ് ജയിലിലുള്ള മകനെ ഒരുതവണ കാണണമെന്നായിരുന്നു അമ്മയുടെ അവസാന ആഗ്രഹമെന്ന് കുടുംബം പറയുന്നു. എന്നാൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മയെ കാണാൻ ചിൻമോയ് കൃഷ്ണ ദാസിന് പരോൾ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അധികൃതർ നിരസിച്ചിരുന്നു.
അമ്മയുടെ മരണത്തിന് ശേഷമാണ് ചിറ്റഗോങ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് സഹിദുൽ ഇസ്ലാം മിയ അഞ്ച് മണിക്കൂർ പരോൾ അനുവദിക്കാൻ ഉത്തരവിട്ടത്. ഇതോടെ ചിൻമോയ് കൃഷ്ണ ദാസിനെ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവന്ന് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി.
തടവിൽ നിന്ന് ഏതാനും മണിക്കൂറുകൾ പുറത്തുവന്ന ചിൻമോയ് കൃഷ്ണ ദാസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റഗോങിലെ പുണ്ഡരിക് ധാം ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാധാകൃഷ്ണ വിഗ്രഹത്തിന്റെ പാദങ്ങളിൽ തൊട്ട് പ്രാർഥിക്കുന്നതിനിടെ വികാരാധീനനായി കരയുന്നതാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് അദ്ദേഹം വീണ്ടും ജയിലിലേക്ക് മടങ്ങി. പുണ്ഡരിക് ധാമിലായിരുന്നു അമ്മ സന്ധ്യ റാണി ധറിന്റെ അന്ത്യകർമങ്ങൾ നടന്നതെന്ന് സഹോദരൻ രഞ്ജൻ കുമാർ ധർ അറിയിച്ചു.
“അമ്മ പോയി. ജീവനോടെയിരിക്കുമ്പോൾ എന്റെ സഹോദരന് അമ്മയെ കാണാൻ പോലും കഴിഞ്ഞില്ല,” ചിൻമോയ് കൃഷ്ണ ദാസിന്റെ സഹോദരൻ അഞ്ജൻ കുമാർ ധർ ബംഗ്ലാദേശി മാധ്യമമായ കൽബെലയോട് പറഞ്ഞു. മകന്റെ നീണ്ട ജയിൽവാസം സന്ധ്യ റാണി ധറിനെ മാനസികമായി തകർത്തിരുന്നുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കൽബെല റിപ്പോർട്ട് ചെയ്തത്.
അതേസമയം ബംഗ്ലാദേശ് സമ്മിലിതോ സനാതനി ജാഗരൺ ജോട്ടിന്റെ വക്താവായിരുന്ന ചിൻമോയ് കൃഷ്ണ ദാസിനെ 2024 നവംബറിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നു. 2024ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, സുരക്ഷ, സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ചിൻമോയ് കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള സംഘടന നിരവധി റാലികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നേരത്തെ ഇസ്കോണുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയുമാണ് ചിൻമോയ് കൃഷ്ണ ദാസ്.
നിലവിൽ ആറ് ക്രിമിനൽ കേസുകളാണ് ചിൻമോയ് കൃഷ്ണ ദാസിനെതിരെ ഉള്ളത്. ഇതിൽ നാല് കേസുകളിൽ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നതിനാൽ ജയിൽ മോചനം സാധ്യമായിട്ടില്ല. രാജ്യദ്രോഹക്കേസിലെ ജാമ്യം ഇപ്പോഴും സ്റ്റേ ചെയ്തിരിക്കുകയാണ്. അതേസമയം കൊലക്കേസിന്റെ വിചാരണ ചിറ്റഗോങ് സ്പീഡി ട്രയൽ ട്രൈബ്യൂണലിൽ പുരോഗമിക്കുകയാണ്.
ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സർക്കാർ പ്രോസിക്യൂട്ടറായ സൈഫുൽ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ തുറമുഖ നഗരമായ ചിറ്റഗോങിൽ പ്രതിഷേധിച്ച പ്രവർത്തകർ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട കേസും ചിൻമോയ് കൃഷ്ണ ദാസിനെതിരെയുള്ള കേസുകളിൽ ഉൾപ്പെടുന്നു.
അതേസമയം ബുധനാഴ്ചയാണ് ചിൻമോയ് കൃഷ്ണ ദാസിന് അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ നിബന്ധനകളോടെയുള്ള പരോൾ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ചിറ്റഗോങ് ഡെപ്യൂട്ടി കമ്മിഷണറും ജയിൽ മാനേജ്മെന്റ് കമ്മിറ്റി എക്സ്-ഓഫീഷ്യോ പ്രസിഡന്റുമായ മുഹമ്മദ് സഹിദുൽ ഇസ്ലാം മിയയ്ക്ക് കുടുംബം അപേക്ഷ നൽകിയിരുന്നു. എന്നാൽ രോഗബാധിതനായ ബന്ധുവിനെ സന്ദർശിക്കാൻ തടവുകാരന് പരോൾ അനുവദിക്കുന്നതിന് നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ഭരണകൂടം കുടുംബത്തെ അറിയിച്ചതായി ബംഗ്ലാദേശി ദിനപത്രമായ സമകാല റിപ്പോർട്ട് ചെയ്തു.
#Bangladesh
Sri Chinmay Krishna Das Prabhu touched the feet of Radha-Krishna in Pundarik Dham temple of #Chattragram before taken to jail.
Sri Chinmay Krishna Das Prabhu was given only a few hours of parole to see his dead mother for the last time. https://t.co/JcLKT8OF3F
— Hindu Voice (@HinduVoice_in) September 10, 2026






