ദുബായ്: സെമി ഫൈനലിൽ പാക്കിസ്ഥാനെ 4 വിക്കറ്റിനു തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
അഞ്ചാം വിക്കറ്റിൽ ഹർഷിതയും കവിഷയും ചേർന്ന് പടുത്തുയർത്തിയ 67 റൺസ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വിജയത്തിനു വഴിയൊരുക്കിയത്. ചമാരി, ഇമേഷ, സഞ്ജന, ഹാസിനി എന്നിവരുടെ വിക്കറ്റുകൾ നേരത്തെ വീണതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. പിന്നീട് ഹർഷിതയും കവിഷയും ഒത്തുചേർന്നു. ഹർഷിത 36 റൺസും കവിഷ 33 റൺസും നേടി. അവസാന ഓവറുകളിൽ നിലാക്ഷിയും കൗശാനിയും അവസരത്തിനൊത്തുയർന്നതോടെ കാര്യങ്ങൾ ശ്രീലങ്കയുടെ വരുതിയിലായി. നിലാക്ഷി 10 പന്തിൽ 18 റൺസ് അടിച്ചപ്പോൾ കൗശാനി നാല് പന്തിൽ 10 റൺസ് കണ്ടെത്തി. പാക്കിസ്ഥാനായി ഫാത്തിമ സന നാല് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ പുറത്താകാതെ ഫാത്തിമ സന അടിച്ച 47 റൺസിന്റെ മികവിലാണ് പാക്കിസ്ഥാൻ 130 റൺസ് നേടിയത്. 36 പന്തിൽ നാല് ഫോറും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഫാത്തിമ സനയുടെ ഇന്നിങ്‌സ്.






