തിരുവനന്തപുരം: പേഴ്സണൺ സ്റ്റാഫ് എണ്ണത്തിൽ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 787 പേഴ്സണൺ സ്റ്റാഫുകളെ നിയമിച്ചെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ കണക്കും അവരുടെ വിലാസവും നൽകാൻ തയാറാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡ് പരിപാലനത്തിനും കഴിഞ്ഞ സർക്കാർ 12 പേരെ നിയോഗിച്ചു. 2025ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും സർക്കാർ ഉത്തരവിറക്കി. ഒരു വർഷം ഏഴ് ലക്ഷം രൂപയിൽ അധികവും ഒരു വർഷം 84 ലക്ഷം രൂപയിൽ അധികവും ഇതിനായി പിണറായി സർക്കാർ ചെലവാക്കി. ഇതൊക്കെ ചെയ്തവരാണ് പേഴ്സണൺ സ്റ്റാഫുകളുടെ പേരിൽ യുഡിഎഫ് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ സ്റ്റാഫുകളെ ഈ സർക്കാർ നിയമിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചു വർഷത്തിനിടെ 787 പഴ്സണൽ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഒട്ടാകെ 500 ൽ താഴെ പഴ്സണൽ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങളും നൽകാൻ തയാറാണ്.
പഴ്സണൽ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതൽ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വർഷം 84 ലക്ഷം രൂപയിലധികവും സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സർക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേരിൽ യു.ഡി.എഫ് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ പഴ്സണൽ സ്റ്റാഫുകളെ ഈ സർക്കാർ നിയമിച്ചിട്ടില്ല.






