കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമർശം. നഗരത്തിലെ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
റോഡുകളിലെ സുരക്ഷ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. വലിയ വാഹനങ്ങളുടെ അപകടയോട്ടം കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതികൾ അറിയിക്കാൻ വാഹനങ്ങളിൽ വാട്സാപ്പ് നമ്പർ പ്രദർശിപ്പിക്കുമെന്നും 2025-ൽ പോലീസ് കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ നടപടികൾ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
റോഡുകളിൽ മാന്യമായ ഡ്രൈവിങ് സംസ്കാരം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരം റോഡിൽ ഏറ്റവും കൂടുതൽ മര്യാദയും ഉത്തരവാദിത്വവും പാലിക്കേണ്ടത് ഹെവി വാഹനങ്ങളാണ്. നഗരത്തിൽ ബസുകൾക്ക് ഓവർടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിൽ ഓടിക്കാനും ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.






