തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇഡിയെ ഭയന്ന് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരില്ലെന്നും എം.എ. ബേബി പറഞ്ഞു. പുതിയ വാർത്തകൾ സൃഷ്ടിക്കാൻ ബിജെപിയുടെ ‘എക്സ്റ്റൻഷൻ ഡിപ്പാർട്ട്‌മെന്റ്’ പോലെയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. കള്ളത്തെളിവുകൾ സൃഷ്ടിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നു. കുറ്റകൃത്യം ചെയ്യുന്ന സംഘമായി ഇഡി അധഃപതിച്ചെന്നും എം.എ. ബേബി വിമർശിച്ചു. വിഷയത്തിൽ മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചപ്പോൾ തിരിച്ചടി നേരിട്ടതാണെന്നും അതിനപ്പുറം സിപിഎമ്മിന് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ നീക്കങ്ങളെ സിപിഎം അവജ്ഞയോടെ തള്ളിക്കളയുന്നതായും ബേബി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും എം.എ. ബേബി ആരോപിച്ചു. ഇഡി സിപിഎമ്മിനെതിരെ നീങ്ങുമ്പോൾ കോൺഗ്രസ് സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ വിമർശിക്കുകയും ചെയ്യുകയാണ്. കർണാടകയിലുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.ഡി. സതീശൻ സർക്കാർ ഇഡി വിഷയത്തിൽ എന്തോ കാര്യമുണ്ടെന്ന മട്ടിലാണ് സംസാരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്ന് അറിയാൻ കൗതുകമുണ്ടെന്നും ബേബി പറഞ്ഞു. സംസ്ഥാന കോൺഗ്രസിന്റെ നിലപാടിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.
വീണയ്‌ക്കെതിരായ ആരോപണങ്ങളിൽ മുഹമ്മദ് റിയാസ് തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു. ഇഡി ഭീഷണിപ്പെടുത്തിയും കള്ളത്തെളിവുകൾ സൃഷ്ടിച്ചും ബ്ലാക്ക്‌മെയിൽ ചെയ്യുന്ന നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.






