തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. മുഖ്യമന്ത്രി ഉന്നയിക്കുന്നത് വസ്തുതയ്ക്ക് നിരക്കുന്ന കാര്യമല്ലെന്നും 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും പിണറായി പറഞ്ഞു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് പിണറായി വിജയന്റെ പരാമർശം. ആകെ 500 ൽ താഴെ മാത്രമാണ് പഴ്സനൽ സ്റ്റാഫുകൾ ഉണ്ടായിരുന്നത്. സ്റ്റാഫുകളുടെ എണ്ണത്തിൽ കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ഈ 787 പേരുടെ കണക്ക് കിട്ടിയതെന്നും ആ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ രൂപം:
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25, അല്ലെങ്കിൽ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (എം.വി.ഗോവിന്ദന്, കെ.രാധാകൃഷ്ണന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചില്ല. ഒട്ടാകെ 500 ല്‍ താഴെയാണ് പഴ്സനല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.






