തിരുവനന്തപുരം: ‘ കതക് തുറന്നതെ അവൾ എന്നോടു പറഞ്ഞത് ഞാൻ കൊന്നു കുഞ്ഞമ്മാ… എന്നാണ്…. ആ കുഞ്ഞിനെ കൊല്ലണായിരുന്നോ, അതിനെ അവൾക്ക് എനിക്ക് തന്നൂടായിരുന്നോ, എനിക്ക് പിള്ളേരില്ല. ഞാൻ വളർത്തില്ലായിരുന്നോ’… തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ ചോദിക്കുന്നു. തന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ താൻ വളർത്തിയേനെയെന്ന്.
അതേസമയം അന്ന എന്ന് പേരുള്ള ഒരുവയസുകാരിയാണ് പെറ്റമ്മയുടെ കൈകളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ കുട്ടിയുടെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ‘എനിക്ക് തന്നൂടെ. ഞാൻ വളർത്തില്ലേ എന്റെ കൊച്ചിനെ. എനിക്ക് പിള്ളേരില്ല. എന്തിനാണ് ഇങ്ങനെ ചെയ്തത്. രണ്ടുമൂന്ന് പ്രാവശ്യം കതകിൽ തട്ടിയിട്ടാണ് തുറന്നത്. കുഞ്ഞ് ഇങ്ങനെ മലർന്ന് കിടക്കുകയായിരുന്നു. കഴുത്ത് മുറിച്ചത് കണ്ടിരുന്നില്ല. ഞാൻ കൊന്നു കുഞ്ഞമ്മാ എന്ന് പറഞ്ഞു അവൾ. കുഞ്ഞിനെ എടുത്ത് ഞാൻ പുറത്തേക്ക് ഓടുകയായിരുന്നു.’ ക്രിസ്റ്റിയുടെ കുഞ്ഞമ്മ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം മെഡിക്കൽ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് താമസം. കുഞ്ഞിന്റെ കൊലയിലേക്കു നയിച്ചതിനു പിന്നിൽ ക്രിസ്റ്റിയും ഭർത്താവ് അഭിജിത്തും തമ്മിലുള്ള പ്രശ്നങ്ങളെന്നാണ് സൂചന. അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പോലീസിനോട് സമ്മതിച്ചു. ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ സംഭവ ദിവസവും വഴക്ക് നടന്നെന്നാണ് വിവരം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചന. എന്നാൽ കഴുത്തുമുറിഞ്ഞ് കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും ക്രിസ്റ്റി പറഞ്ഞു.
കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടയുടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിക്കുകയായിരുന്നു. വീട്ടിലെ മുറിയിൽ നിന്ന് ലഭിച്ച കത്തിയും ബ്ലേഡും ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം താൻ വിഷം കഴിച്ചിരുന്നതായി ക്രിസ്റ്റി പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






